രാഹുലിന്റെ പദയാത്ര കൊണ്ട് കോൺഗ്രസ് രക്ഷപ്പെടുമോ?

സംഘപരിവാറിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കശ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് ജോഡോ പദയാത്ര നടത്തുന്നതെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. 150 ദിവസങ്ങൾക്കുള്ളിൽ 3500 ഓളം കിലോമീറ്റർ ദൂരം താണ്ടുന്നതോടെ കോൺഗ്രസിന് പുതിയ ഊർജം കൈവരുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നുമൊക്കെയാണ് പാർട്ടി നേതൃത്വത്തിന്റെ അവകാശ വാദം. ഏതായാലും പദയാത്രക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. മലർപൊടിക്കാരന്റെ സ്വപ്‌നത്തിനപ്പുറം മറ്റെന്തെങ്കിലും നേട്ടങ്ങൾ പാർട്ടിക്കോ രാജ്യത്തിനോ ഈ പദയാത്ര കൊണ്ടുണ്ടാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം.
തെരഞ്ഞെടുപ്പ് വരുമ്പോഴോ അല്ലെങ്കിൽ രാഷ്ട്രീയ മുതലെടുപ്പിന് ഉതകുന്ന എന്തെങ്കിലും സംഭവ വികാസങ്ങൾ ഉരുത്തിരിയുകയോ ചെയ്യുമ്പോഴോ ആണ് സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികൾ പദയാത്രകൾക്ക് മുതിരാറുള്ളത്. സംഘടനയെ ചലിപ്പിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം തന്നെ വലിയ തോതിലുള്ള സാമ്പത്തിക സമാഹരണവും ഇതിലൂടെ ലക്ഷ്യമിടാറുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെയും പദയാത്രകൾ അതിനപ്പുറമുള്ള രാഷ്ട്രീയ ദൗത്യങ്ങളൊന്നും നിർവഹിക്കാറില്ല. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പദയാത്ര എന്നതിനപ്പുറം മറ്റൊരു പ്രത്യേകതയും വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ഭാരത് ജോഡോ പദയാത്രക്കില്ല.
രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഭരിക്കുന്ന സംഘപരിവാറിൽ നിന്നുള്ള മോചനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതിന് കാൽനടയായി 3500 കിലോമീറ്റർ ദൂരം സഞ്ചരിച്ചതുകൊണ്ടായില്ല, മറിച്ച് തെരഞ്ഞെടുപ്പിലൂടെ നരേന്ദ്ര മോഡി സർക്കാറിനെ താഴെയിറക്കുകയാണ് ചെയ്യേണ്ടത്. എന്തൊക്കെ അവകാശവാദങ്ങൾ നിരത്തിയാലും അതിനുള്ള സംഘടന ശക്തി ദേശീയ പാർട്ടിയായ കോൺഗ്രസിനില്ലായെന്നത് വാസ്തവമാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര പ്രഹസനങ്ങൾ നടത്തേണ്ടി വരുന്നത്.
നേതൃതലത്തിലും താഴെ തട്ടുകളിലും സംഘടനാശക്തി ആർജിക്കുകയാണ് പൊതുതെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടി അടിയന്തരമായി ചെയ്യേണ്ടത്. കുത്തഴിഞ്ഞ് കിടക്കുന്ന സംഘടന സംവിധാനത്തിന്റെ കഴിവുകേടുകൾ ഒളിപ്പിച്ച് വെയ്ക്കാനുള്ള തന്ത്രമായി മാത്രമേ ഭാരത് ജോഡോ പദയാത്രയെ കാണാൻ കഴിയുകയുള്ളൂ. പാർട്ടി ദേശീയ നേതൃത്വത്തെ ആര് നയിക്കണമെന്നത് സംബന്ധിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന് നേതൃത്വം നൽകേണ്ടതിന് പകരംപദയാത്രയുമായി നാട് ചുറ്റുന്നതുകൊണ്ട് എന്ത് ഫലമാണുണ്ടാകുക. കോൺഗ്രസ് പ്രവർത്തകരുടെ  വികാരങ്ങളെ താൽക്കാലികമായി ഉത്തേജിപ്പിക്കുന്നതിനപ്പുറത്തേക്ക് പാർട്ടിക്ക് ജനങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള  സ്വാധീനം നേടിയെടുക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ല.
2024 ലെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടിയുടെ അലകും പിടിയുമൊക്കെ മാറ്റേണ്ട സമയത്ത് അതിന് തയാറാകാതെ മാറി നടക്കുന്നത് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. കൂടെ നടക്കാനും കൊടിപിടിക്കാനും നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരായി കുറച്ച് പേരുണ്ടെങ്കിൽ ആർക്കും പദയാത്രകൾ സംഘടിപ്പിക്കാവുന്നതേയുള്ളൂ. എന്നാൽ അതുപോലെ എളുപ്പമല്ല സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. അതിന് ഒരു നേതാവിന്റെ ഗുണം പൂർണമായിത്തന്നെ പുറത്തെടുക്കണം. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിയണം. നേതൃനിര ശക്തമായാൽ മാത്രമേ അടിത്തട്ടിന് ഉറപ്പുണ്ടാകുകയുള്ളൂ. എന്നാൽ ഒട്ടും ആശാവഹമല്ല കോൺഗ്രസിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ. പരിചയ സമ്പന്നരായ നേതാക്കൾ ദിനംപ്രതിയെന്നോണം കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. അവശേഷിക്കുന്നവരിൽ ഒരു വിഭാഗം പരിവർത്തനവാദികളും മറുവിഭാഗം സോണിയ-രാഹുൽ ഭക്തൻമാരുമായി കഴിയുന്നു. 
കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രാദേശിക മതേതര രാഷ്ട്രീയ കക്ഷികൾ നേരത്തെ അവരിൽ വലിയ തോതിൽ വിശ്വാസമർപ്പിച്ചിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതേര മുന്നണി രൂപപ്പെട്ടാൽ സംഘപരിവാറിനെ ചെറുത്തു തോൽപിക്കാനുള്ള ശക്തി അതിനുണ്ടാകുമെന്ന് ജനസ്വീകാര്യതയുള്ള പ്രാദേശിക കക്ഷികൾ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആ വിശ്വാസം ഇല്ലാതായിരിക്കുകയാണ്. കോൺഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ നിര ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ മിക്ക പ്രാദേശിക കക്ഷികളും ചിന്തിക്കുന്നത്. അത്രത്തോളം മോശമായിരിക്കുന്നു പാർട്ടിയുടെ അവസ്ഥ. കോൺഗ്രസ് നേതൃത്വത്തിന് മാത്രമാണ് അത് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. തിരിച്ചറിഞ്ഞവരാകട്ടെ മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി രക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കോൺഗ്രസാണ് ബി.ജെ.പിക്ക് ബദൽ എന്ന പഴയ മുദ്രാവാക്യത്തിന് പ്രസക്തിയില്ലാതായിത്തീർന്നിരിക്കുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന് നേരിട്ട ക്ഷീണമാണ് സംഘപരിവാറിന്റെ വളർച്ചക്ക് കാരണമായതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾ ബി.ജെ.പിയോട് നേരിട്ട് പോരാട്ടത്തിനിറങ്ങുമ്പോൾ അതിന് ശക്തമായ പിന്തുണ നൽകാനുള്ള സംഘടന ശേഷി പോലും മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിനില്ലെന്ന് സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നു. 
അപ്പോഴും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ മാത്രം അഭിരമിച്ചുകൊണ്ട് സമയം തള്ളിനീക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്.
തുടർഭരണത്തെ എങ്ങനെയാണ് ബി.ജെ.പി രാഷ്ട്രീയമായും സംഘടനാപരമായും നേട്ടമാക്കി മാറ്റുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പരാജയം. വർഗീയതയുടെ വേരുകൾ സംഘപരിവാർ വളരെ ആഴത്തിൽ ഊന്നിക്കഴിഞ്ഞിരിക്കുന്നു. അതിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. സംഘടനാപരമായും രാഷ്ട്രീയമായുമുള്ള കെട്ടുറപ്പോടെ നിരന്തരമായി പോരാട്ടം നടത്തുന്നതിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ. അല്ലാതെ തെരഞ്ഞെടുപ്പ് അടുക്കാറായ വേളയിൽ പദയാത്രയിലൂടെ നാട് ചുറ്റിയിട്ട് കാര്യമില്ല. നേതൃതലത്തിൽ ശക്തമായ കെട്ടുറപ്പുള്ള രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ ഇത്തരം പദയാത്രകൾ നേട്ടങ്ങളാക്കി മാറ്റാൻ കഴിയുകയുള്ളൂ. 
രാജ്യത്തെ മതേതര ശക്തികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സംഘപരിവാറിനെതിരെ നയിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്ന് തെളിയിക്കുകയാണ് കോൺഗ്രസ് ആദ്യം ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ദേശീയ തലത്തിൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ കഴിയൂ. പാർട്ടിയിലെ അവശേഷിക്കുന്ന നേതാക്കളെ കൂടി ബി.ജെ.പി നേതൃത്വം റാഞ്ചുന്നതിന് മുമ്പ് എല്ലാവരെയും ഒന്നിച്ചു നിർത്തിക്കൊണ്ട് നേതൃത്വം ശക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 
ഇപ്പോൾ നടക്കാനിരിക്കുന്ന പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടിച്ചു പിരിയാനുള്ള വേദിയാക്കി മാറ്റരുത്. പാർട്ടിയിൽ പരിവർത്തനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് മാറിനിൽക്കുന്ന ഒരു വിഭാഗം നേതാക്കളെ കൂടി ഉൾക്കൊണ്ടു മുന്നോട്ടുപോയാൽ മാത്രമേ നേതൃപരമായ കരുത്ത് പ്രകടിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ തങ്ങളെ ചുറ്റിപ്പറ്റിയുള്ള ഉപജാപ സംഘങ്ങളുടെ വാക്കുകൾക്കപ്പുറത്തേക്ക് ചെവികൊടുക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തയാറാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം. സംഘടന കാതലായ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു പദയാത്ര നടത്താനുള്ള ശക്തി പോലും ഇല്ലാതെ കോൺഗ്രസ് പൂർണമായും പടുകുഴിയിലേക്ക് വീണുപോകും.

Latest News