Sorry, you need to enable JavaScript to visit this website.

ബി.ജെ.പി ഇപ്പോഴും കാക്കി നിക്കറില്‍ തൂങ്ങിക്കിടക്കുന്നു-ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍- കോണ്‍ഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പി ഇപ്പോഴും കാക്കി നിക്കറില്‍ കുടുങ്ങിക്കിടക്കയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. രാഹുല്‍ ഗാന്ധിയെ ടി ഷര്‍ട്ടിന്റെ പേരില്‍ പരിഹസിച്ചതിനാണ് ബാഗലിന്റെ തിരിച്ചടി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഏറ്റവും വലിയ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ കേന്ദ്രത്തിന്റെ കൈയ്യില്‍ ടി ഷര്‍ട്ട് മാത്രമേയുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കുമ്പോള്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടി ഇപ്പോഴും ടിഷര്‍ട്ടുകളിലും കാക്കി നിക്കറിലും തൂങ്ങിക്കിടക്കുകയാണ്- ബാഗല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ടി ഷര്‍ട്ട് വിവാദമാക്കാന്‍ ബി.ജെ.പി ശ്രമിച്ചത്. ഭാരത് ജോഡോ യാത്രയില്‍ പണപ്പെരുപ്പ പ്രശ്‌നം ഉന്നയിക്കുന്ന രാഹുല്‍ 41,257 രൂപ വിലയുള്ള ടി ഷര്‍ട്ട് ധരിച്ചിരിക്കുന്നുവെന്നാണ് ആരോപണം.
ഭാരത് ജോഡോ യാത്രയോടുള്ള ജനങ്ങളുടെ പ്രതികരണത്തെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഭയപ്പെടുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട് നിങ്ങള്‍ ഭയപ്പെടുകയാണോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്.  വസ്ത്രങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെങ്കില്‍ മോഡിജിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടും 1.5 ലക്ഷത്തിന്റെ കണ്ണടയുമാണ് ചര്‍ച്ച ചെയ്യേണ്ടത്. ബിജെപി ഇത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? കോണ്‍ഗ്രസ് ചോദിച്ചു.

 

 

Latest News