Sorry, you need to enable JavaScript to visit this website.

പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു;  രണ്ടുപേര്‍ക്കായി തിരച്ചില്‍

ആലപ്പുഴ- പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥി ആദിത്യന്റെ (18) മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. രാജേഷ്, വിജീഷ് എന്നിവരാണ് കാണാതായ മറ്റു രണ്ടുപേരെന്ന് മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരുടെ കണ്‍മുമ്പില്‍വെച്ചാണ് അപകടമുണ്ടാകുന്നത്. ഒരാളെക്കൂടി കാണാതായതായി സംശയമുണ്ടെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. തിരച്ചിലിന് നേവിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.
ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.
ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.
 

Latest News