Sorry, you need to enable JavaScript to visit this website.

തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവർ കടിയേറ്റവരുടെ  ചികിത്സാ ചെലവും വഹിക്കണം- സുപ്രീം കോടതി

ന്യൂദൽഹി- തെരുവു നായ്ക്കളെ തീറ്റിപ്പോറ്റുന്നവർ അതിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. ആർക്കെങ്കിലും തെരുവുനായുടെ കടിയേറ്റാൽ അതിന്റെ ചെലവും നായ്ക്കളെ തീറ്റിപ്പോറ്റുന്നവർ വഹിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരളത്തിലെ തെരുവു നായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ജെകെ മഹേശ്വരിയുടെയും നീരീക്ഷണം.
തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവർക്ക് അതിനെ വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. തെരുവുനായുടെ കടിയേറ്റുള്ള പരാതികൾ പരിശോധിക്കാൻ 2016ൽ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിഗിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന അടിയന്തരമായി പരിഹാരം കാണണമെന്ന് നിർദേശിച്ച സുപ്രീം കോടതി 28ന് ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണിച്ചുകൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. പട്ടികടിയേറ്റ് വാക്‌സിൻ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു.സാബു സ്റ്റീഷൻ, ഫാ. ഗീവർഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.പേവിഷ വാക്‌സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് സാബു സ്റ്റീഫൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News