Sorry, you need to enable JavaScript to visit this website.

ഓണം പൊടിപൊടിച്ചപ്പോള്‍   ഖജനാവ് കാലിയായി,   ഇനി കര്‍ശന ചെലവുചുരുക്കല്‍

തിരുവനന്തപുരം- ഓണച്ചെലവ് കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് കാലിയായി. ദിവസങ്ങളായി റിസര്‍വ് ബാങ്കിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ഇതിന്റെ പരിധിയെത്തിയതിനാല്‍ തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലാവും. അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിച്ചേക്കാവുന്ന സ്ഥിതിയിലാണ്. ട്രഷറിയില്‍ കടുത്ത നിയന്ത്രണവും ചെലവ് കര്‍ശനമായി ചുരുക്കലുമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണിപ്പോള്‍.
സെപ്റ്റംബര്‍ അവസാനമാകുന്നതോടെ ട്രഷറിയില്‍നിന്നുള്ള ഇടപാടുകള്‍ 15,000 കോടിയെത്തുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ഓണക്കാല ആനുകൂല്യങ്ങളും ശമ്പളം, പെന്‍ഷന്‍, വായ്പാതിരിച്ചടവ് തുടങ്ങിയ പതിവുചെലവുകളും ഉള്‍പ്പെടെയാണിത്. കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാന്‍ 296 കോടി നല്‍കി. ചെലവുനിയന്ത്രണ നടപടികളെല്ലാം മാറ്റിവെച്ച് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏകദേശം 6500 കോടി ഇത്തവണ ഓണക്കാല അധികച്ചെലവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ സമയത്തിന് നല്‍കാനായതില്‍ സര്‍ക്കാര്‍ അഭിമാനിക്കുന്നുണ്ട്. എന്നാല്‍, ഇതോടെ ഖജനാവ് ശൂന്യമായതിനാല്‍ സര്‍ക്കാരിന് ദൈനംദിന ചെലവിന് റിസര്‍വ് ബാങ്കില്‍നിന്നുള്ള വായ്പയായ വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെ ആശ്രയിക്കേണ്ടിവന്നു. 1683 കോടിരൂപയാണ് കേരളത്തിന് ഇത്തരത്തിലെടുക്കാവുന്ന വായ്പയുടെ പരിധി. ഇതുകഴിയുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റിലാവുന്നത്.
ഓണാവധി തുടങ്ങിയപ്പോള്‍ത്തന്നെ വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് 1400 കോടി കവിഞ്ഞതായി സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഈ അവധിദിവസങ്ങളിലെ ഇടപാടുകള്‍കൂടി നടത്തേണ്ടിവരുന്നതോടെ തിങ്കളാഴ്ച ട്രഷറി തുറക്കുമ്പോള്‍ സംസ്ഥാനം ഈ സാമ്പത്തികവര്‍ഷം ആദ്യമായി ഓവര്‍ഡ്രാഫ്റ്റില്‍ ആവുമെന്നാണ് കരുതുന്നത്. ഓവര്‍ഡ്രാഫ്റ്റിനും പരിധിയുണ്ട്. വോയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധിക്കുതുല്യമായ തുകയാണ് ഓവര്‍ഡ്രാഫ്റ്റിന്റെയും പരിധി. 14 ദിവസംവരെ ഓവര്‍ഡ്രാഫ്റ്റില്‍ പോകാം. തുടര്‍ച്ചയായി അഞ്ചുദിവസം പരിധിക്കുമുകളിലായാല്‍ അത് താഴ്ത്താന്‍ റിസര്‍വ് ബാങ്ക് മുന്നറിയിപ്പുനല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ ട്രഷറി ഇടപാടുകള്‍ നിര്‍ത്തിവെക്കും. ഓവര്‍ഡ്രാഫ്റ്റ് അടച്ചുതീര്‍ത്താലേ ട്രഷറി ഇടപാടുകള്‍ അനുവദിക്കൂ.
സെപ്റ്റംബറില്‍ ഇനിയും 20 ദിവസത്തോളം ബാക്കിയുണ്ട്. കേന്ദ്രനികുതി വിഹിതമല്ലാതെ മറ്റു വലിയ വരവുകളൊന്നും ഈ മാസം സര്‍ക്കാരിനുമുന്നിലില്ല. കടമെടുക്കുന്നതില്‍ കേന്ദ്രത്തിന്റെ കര്‍ശനനിയന്ത്രണമുണ്ട്. അതിനാല്‍ പെട്ടെന്നുണ്ടാകുന്ന പണക്കുറവ് പരിഹരിക്കാന്‍ കടത്തെ ആശ്രയിക്കാനാവില്ല. 2012ലെടുത്ത കടപ്പത്രങ്ങളുടെ മുതല്‍ തിരിച്ചുനല്‍കേണ്ടതും ഈ വര്‍ഷമാണ്. തിങ്കളാഴ്ച ട്രഷറിയിലെ സ്ഥിതി വിലയിരുത്തിയശേഷം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ധനവകുപ്പ് തീരുമാനിക്കും.
 

Latest News