Sorry, you need to enable JavaScript to visit this website.

യാത്രക്കാരനെ പുറത്തേയ്ക്ക് ചവിട്ടി  വീഴ്ത്തിയ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

മംഗളൂരു- ബസില്‍ നിന്ന് യാത്രക്കാരനെ പുറത്തേയ്ക്ക് ചവിട്ടി വീഴ്ത്തി കര്‍ണാടക ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കണ്ടക്ടര്‍. മദ്യപിച്ച് യാത്ര ചെയ്തു എന്ന് ആരോപിച്ചാണ് യാത്രക്കാരനെ ബസില്‍ നിന്നും ചവിട്ടി താഴെയിട്ടത്. പരിക്കേറ്റ യാത്രക്കാരനെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മദ്യപിച്ച് ബസില്‍ യാത്ര ചെയ്യുന്നതിനെ കുറിച്ച് യാത്രക്കാരനുമായി കണ്ടക്ടര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു, ഇതിനെ തുടര്‍ന്ന് ബസിന് പുറത്തേയ്ക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. റോഡിലേയ്ക്ക് പുറം തിരിഞ്ഞു വീണ യാത്രക്കാരന് നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ചികിത്സ ചിലവ് കര്‍ണാടക ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. റോഡില്‍ പുറമിടിച്ചു വീണ യാത്രക്കാരനെ വകവെയ്ക്കാതെ ബസുമായി മുന്നോട്ട് പോകുന്ന കണ്ടക്ടടറുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ദക്ഷിണ കന്നഡയിലെ പുത്തൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ സുകുരാജ് റായെ കര്‍ണാടക ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് കര്‍ണാടക ആര്‍. ടി. സി എം ഡി രംഗത്തെത്തി. യാത്രക്കാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നാല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് യാത്രക്കാരന്‍ അമിതമായി മദ്യപിച്ചിരുന്നു, പ്രകോപനപരമായി പെരുമാറിയതിനെ തുടര്‍ന്നാണ് പ്രതികരിച്ചതെന്നാണ് കണ്ടക്ടറായ സുകുരാജ് റായ് നല്‍കിയ വിശദീകരണം.

Latest News