ന്യൂദൽഹി- സംസ്ഥാന തെരഞ്ഞെടുപ്പുകളിലും 2024 ലെ ദേശീയ തെരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ നേതാക്കൾക്ക് ഉത്തരവാദിത്വം നൽകി ബി.ജെ.പി. മുൻ മുഖ്യമന്ത്രിമാർക്കും മുൻ കേന്ദ്രമന്ത്രിമാർക്കും വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, മുൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, മഹേഷ് ശർമ എന്നിവർക്കെല്ലാം വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകി.
വിജയ് രൂപാണിക്ക് പഞ്ചാബിന്റെ ചുമതലയും ബിപ്ലബ് ദേബ് ഹരിയാനയുടെ ചുമതലയും വഹിക്കും. പ്രകാശ് ജാവദേക്കറിനാണ് കേരളത്തിന്റെ ചുമതല. നേരത്തെ ഹരിയാനയുടെ ചുമതല വഹിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയ്ക്കാണ് ബിഹാറിന്റെ ചുമതല.
ബിഹാർ മുൻ മന്ത്രി മംഗൾ പാണ്ഡെക്കാണ് ബംഗാളിന്റെ ചുമതല. ബംഗാളിന്റെയും തെലങ്കാനയുടെയും ചുമതല കൂടി ലഭിച്ച സുനിൽ ബൻസലിനൊപ്പം അദ്ദേഹം പ്രവർത്തിക്കും. രാജസ്ഥാനിൽ അരുൺ സിംഗ്, മധ്യപ്രദേശിൽ മുരളീധർ റാവു തുടങ്ങിയവരെ നിലനിർത്തി. ലക്ഷ്മികാന്ത് വാജ്‌പേയി ജാർഖണ്ഡിന്റെ ചുമതല വഹിക്കും. മഹേഷ് ശർമ്മക്കാണ് ത്രിപുരയുടെ ചുമതല. ബിജെപിയുടെ പ്രമുഖ ടെലിവിഷൻ മുഖമായ സംബിത് പത്ര വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർഡിനേറ്ററാകും. പാർട്ടി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ ജോയിന്റ് കോർഡിനേറ്ററായിരിക്കും.






