കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി അരലക്ഷം രൂപ വാങ്ങിയ ശേഷം രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സത്യേന്ദ്ര ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൗമാരക്കാരായ അതനു ദേ, അഭിഷേക് നസ്‌കര്‍ എന്നിവരെ ഓഗസ്റ്റ് 22ന് കാണാതാവുകയായിരുന്നു. ഓഗസ്റ്റ് 24ന് ബാഗ്യാട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇവരെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തെങ്കിലും മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല.
സത്യേന്ദ്ര ചൗധരി അതനുവില്‍നിന്നാണ് 50,000 രൂപ കൈപ്പറ്റിയിരുന്നത്. പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും അതനു നിരസിച്ചു. ഓഗസ്റ്റ് 22 ന് സത്യേന്ദ്ര ചൗധരി മോട്ടോര്‍ സൈക്കിള്‍ വാങ്ങാനെന്ന വ്യാജേന രണ്ടു പേരെ വാഹനത്തില്‍ കയറ്റി മറ്റുള്ളവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നോര്‍ത്ത് 24 പര്‍ഗാനാസിലെ കനാലില്‍ വലിച്ചെറിയുകയായിരുന്നു.
ഹൗറ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കൗമാരക്കാരുടെ കൊലപാതകത്തില്‍ പോലീസിന്റെ പങ്കുണ്ടെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും അന്വേഷണ ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) കൈമാറുകയും ചെയ്തു.
സെപ്റ്റംബര്‍ അഞ്ചിനാണ്് പോലീസ് മരിച്ചവരെ തിരിച്ചറിയുകയും കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസിര്‍ഹട്ടിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.






