Sorry, you need to enable JavaScript to visit this website.

തലയ്ക്ക് പരിക്കേറ്റയാളുടെ കാലില്‍ ശസ്ത്രക്രിയ നടത്തി

ന്യൂദല്‍ഹി- അപകടത്തില്‍പ്പെട്ട് തലയ്ക്ക് സാരമല്ലാത്ത പരിക്കുമായി ദല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ മധ്യവയ്ക്കന്റ കാലില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു വേണ്ടി മയക്കിയിരുന്നതിനാല്‍ അബദ്ധം ചൂണ്ടിക്കാണിക്കാനോ തടയാനോ രോഗിക്ക് കഴിഞ്ഞതുമില്ല. തലയ്‌ക്കേറ്റ പരിക്കുമായി ചികിത്സ തേടി എത്തിയ വിജേന്ദ്ര എന്നയാള്‍ക്കാണ് ദല്‍ഹി സിവില്‍ ലൈന്‍സിലെ സുശ്രുത ട്രോമ സെന്ററില്‍ ഈ ദുരനുഭവമുണ്ടായത്. ഒടിഞ്ഞ കാലുമായി വിരേന്ദ്ര എന്ന മറ്റൊരാള്‍ ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു. ഇദ്ദേഹമാണെന്നു കരുതിയാണ് ഡോക്ടര്‍ തലയക്ക് പരിക്കേറ്റ വിജേന്ദ്രയുടെ കാലില്‍ ശസ്ത്രക്രിയ നടത്തിയത്. പേരിലെ സാമ്യമാണ് അബദ്ധത്തിനിടയാക്കിയത്. ആശുപത്രിയിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ക്കാണ് പിഴച്ചത്. 

ഡോക്ടറുടെ ഭാഗത്ത് പിഴവ് സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിജേന്ദ്രയുടെ കാലിലെ ശസത്രിയ നിര്‍ത്തി മുറി വച്ചു കെട്ടിയ ശേഷം തലയിലെ യഥാര്‍ഥ പരിക്കിന് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതകര്‍ അറിയിച്ചു. അബദ്ധം മറച്ചു വയ്ക്കാന്‍ രോഗിയുടെ രേഖകളില്‍ ഡോക്ടര്‍ വെട്ടിത്തിരുത്തല്‍ നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി സമിതി നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മെഡിക്കല്‍ സുപ്രണ്ട് അറിയിച്ചു. ഈ ഡോക്ടറെ ശസ്ത്രക്രിയ ഇനി നടത്തുന്നതില്‍ നിന്നും തടയുകയും ചെയ്തു. 

ഇതേ ആശുപത്രിയില്‍ 2012-ല്‍ ഐസിയുവില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് നാലു രോഗികള്‍ മരിച്ചിരുന്നു.
 

Latest News