Sorry, you need to enable JavaScript to visit this website.

സര്‍വകലാശാല കാമ്പസില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം

ബംഗളൂരു- കാമ്പസിനുള്ളില്‍ ഗണേശ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കി ബി.ജെ.പി സര്‍ക്കാര്‍  ബാംഗ്ലൂര്‍ സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കാമ്പസിലെ ക്ഷേത്ര നിര്‍മാണത്തിനെതിരെ കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്.
സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രശ്‌നം ഗുരുതരമായി.
തന്റെ ഭരണകാലത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ബംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകര ഷെട്ടി വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തതാണെന്നും ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെ  ക്ഷേത്രത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഷെട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച് പണി നിര്‍ത്തിവെക്കുകയായിരുന്നു.

ക്ഷേത്ര നിര്‍മ്മാണം തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് നൈജ ഹൊറടഗാരാര വേദികെ, പോസ്റ്റ് ഗ്രാജ്വേഷന്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും സംഘടനകളും സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സര്‍വ്വകലാശാലയുടെ സ്വത്ത് സംരക്ഷിക്കാന്‍ ശ്രമിച്ചതിന് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതും അവരെ രോഷാകുലരായിട്ടുണ്ട്.

കാമ്പസിനെ കാവിവല്‍ക്കരിക്കാനും ഭരണകക്ഷിയായ ബി.ജെ.പിയുടെ 'ഹിഡന്‍ അജണ്ട' നടപ്പാക്കാനുമുള്ള ശ്രമമാണിതെന്ന് പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്ഷേത്രം, പള്ളി, മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങളും നിയമവും അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന ഗണേശ ക്ഷേത്രം റോഡ് വീതി കൂട്ടുന്നതിനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചിരുന്നുവെന്ന് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രം കാമ്പസിലേക്ക് മാറ്റാന്‍ ബംഗളൂരു സര്‍വകലാശാല ബി.ബി.എം.പിയുമായി ധാരണയിലെത്തിയിരുന്നു.

കാമ്പസില്‍ എന്ത് വില കൊടുത്തും ക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഹിന്ദു വിരുദ്ധ ശക്തികളുടെയും ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അവകാശപ്പെട്ടു.  അതേസമയം, കാമ്പസില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

Latest News