Sorry, you need to enable JavaScript to visit this website.

യെദ്യൂരപ്പയുടെ മകന് സീറ്റില്ല; കടുത്ത പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍

മൈസൂരു- കര്‍ണാടക തെരഞ്ഞെടുപ്പില്‍ വൈരികളായ രണ്ടു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുടെ മക്കള്‍ ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വരുണയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കിയില്ല. മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതിനിധീകരിക്കുന്ന വരുണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അദ്ദേഹത്തിന്റെ മകന്‍ ഡോ. യതീന്ദ്ര സിദ്ധാരാമയ്യയാണ്. യതീന്ദ്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വിജയേന്ദ്ര വരുണയില്‍ അനൗദ്യോഗിക സ്ഥാനാര്‍ത്ഥിയായി വലിയ പ്രചാരണവും നടത്തിയിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വിജയേന്ദ്ര പുറത്തായത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി.

പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരെ മൈസുരുവില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി വലിയ പ്രതിഷേധം നടത്തി. യെദ്യൂരപ്പയുടെ മകന് സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ലെന്നും പാര്‍ട്ടി വിടുമെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. മൈസുരുവിനടുത്ത നഞ്ചന്‍ഗോഡില്‍ പാര്‍ട്ടി പരിപാടിക്കിടെ പ്രവര്‍ത്തകര്‍ ആക്രമാസക്തരാകുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി യെദ്യൂരപ്പ സംബന്ധിച്ച പരിപാടിയായിരുന്നു ഇത്. തങ്ങളുടെ നേതാവിനെ ചതിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ യെദ്യൂരപ്പയെ വളഞ്ഞു. പലരും നിലവിളിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് അനന്ത് കുമാര്‍ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ അണികള്‍ പരിപാടിസ്ഥലത്തെ ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ഇതു പാര്‍ട്ടി എടുത്ത തീരുമാനമാണെന്നും എല്ലാവരും അംഗീകരിക്കണമെന്നും യെദ്യൂരപ്പ അണികളോട് പറഞ്ഞു.

സിദ്ധാരാമയ്യ ഇത്തവണ വരുണ മണ്ഡലം വിട്ട് ചാമുണ്ഡേശ്വരിയിലും ബദാമിയിലുമാണ് മത്സരിക്കുന്നത്. കുടുംബത്തിന് ഏറെ സ്വാധീനമുള്ള വരുണയില്‍ മകന്‍ യതീന്ദ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. യെദ്യൂരപ്പയുടെ രണ്ടു വര്‍ഷം മുമ്പ് മരിച്ച മൂത്ത മകനും ഈ മണ്ഡലത്തില്‍ സജീവമായിരുന്നു. വരുണയിലും ബദാമിയിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ യതീന്ദ്രനെതിരെ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ വിജയേന്ദ്ര പരസ്യമായി പറഞ്ഞിരുന്നു. ബിജെപിക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് വിജയേന്ദ്രയുടെ ഇപ്പോഴത്തെ പ്രതികരണം. 


 

Latest News