റിയാദ് - സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നിയമ വിലക്കുള്ളതായി കമ്പനി വൈസ് പ്രസിഡന്റ് ഹമൂദ് അൽഗുബൈനി പറഞ്ഞു. സൗദി ജീവനക്കാരെ കമ്പനി അന്യായമായി പിരിച്ചുവിട്ടു എന്ന നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കിംവദന്തിയാണ്. ജീവനക്കാരെ പിരിച്ചുവിടുന്നതിന് ധാർമികപരമായോ നിയമപരമായോ കമ്പനിക്ക് സാധിക്കില്ല.
ജീവനക്കാരുടെ എണ്ണം പ്രതിവർഷം മൂവായിരം തോതിൽ വെട്ടിക്കുറക്കുന്നതിന് ലക്ഷ്യമിട്ട് കമ്പനി വൊളണ്ടിയറി റിട്ടയർമെന്റ് പദ്ധതി നടപ്പാക്കുന്നുണ്ട്. കമ്പനിയിൽ 40,000 ജീവനക്കാരുണ്ട്. ഇത്രയും ജീവനക്കാരെ കമ്പനിക്ക് ആവശ്യമില്ല. ഇതിലും എത്രയോ കുറഞ്ഞ ജീവനക്കാരെ വെച്ച് ഭംഗിയായി പ്രവർത്തിക്കുന്നതിന് കമ്പനിക്ക് സാധിക്കും. വൊളണ്ടിയറി റിട്ടയർമെന്റ് പദ്ധതിയെ ചിലർ തെറ്റായി വ്യഖ്യാനിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയായിരുന്നു.
മാസങ്ങൾക്കു മുമ്പ് 60 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു എന്ന വാദവും ശരിയല്ല. താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചിരുന്നത്. വ്യവസ്ഥകൾ അറിഞ്ഞുകൊണ്ടു തന്നെ ഇവർ കരാറിൽ ഒപ്പുവെച്ചിരുന്നു.
എന്നിട്ടും ഇവരെ കമ്പനി കൈയൊഴിഞ്ഞില്ല. കമ്പനിക്കു കീഴിലെ കരാറുകാരുമായി സഹകരിച്ച് ഇവർക്ക് ബദൽ തൊഴിലുകൾ ലഭ്യമാക്കിയിട്ടുണ്ട്. സൗദി അറാംകൊ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി. മൂന്നു വർഷത്തിനിടെ വരിക്കാരുടെ എണ്ണത്തിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. രണ്ടു വർഷത്തിനിടെ മാത്രം പത്തു ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകൾ കമ്പനി നൽകി.
സ്മാർട്ട് മീറ്ററുകൾ കമ്പനിയുടെ മുഖഛായയും സൗദിയിൽ വൈദ്യുതി മേഖലയുടെ മുഖഛായയും മാറ്റും. ഇലക്‌ട്രോണിക് രീതിയിൽ വീടുകൾക്കകത്ത് വൈദ്യുതി ലോഡുകൾ നിയന്ത്രിക്കുന്നതിനും ഉപകരണങ്ങളും ലൈറ്റുകളും ഓഫാക്കുന്നതിനും സ്മാർട്ട് മീറ്ററുകൾക്ക് സാധിക്കും. സൗദി ടെലികോം ചെയ്യുന്നതു പോലെ ഉപയോക്താക്കളുടെ വൈദ്യുതി ഉപഭോഗം ദൂരെ നിന്ന് നിരീക്ഷിക്കുന്നതിന് സ്മാർട്ട് മീറ്ററുകൾ കമ്പനിയെ സഹായിക്കും. അഞ്ചു മുതൽ ഒമ്പതു വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ മീറ്ററുകളും സ്മാർട്ട് മീറ്ററുകളാക്കി മാറ്റും. സ്മാർട്ട് മീറ്ററുകൾ കമ്പനി സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഹമൂദ് അൽഗുബൈനി പറഞ്ഞു.