ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ പഠനത്തിനായി തെരഞ്ഞെടുത്തത് ഈ രാജ്യത്തെയാണ്...

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോയത് അമേരിക്കയില്‍. ഇതുവരെയുള്ള കണക്ക് പ്രകാരം വേനല്‍ക്കാല അധ്യയനത്തില്‍ (സമ്മര്‍ ഇന്‍ടേക്ക്) 82,000 വിദ്യാര്‍ഥികള്‍ക്കാണ് യു.എസ് സ്റ്റുഡന്റ് വിസ അനുവദിച്ചത്. യു.എസില്‍ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ വിസ ലഭിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണെന്ന് ഇന്ത്യയിലുള്ള യു.എസ് എംബസി അറിയിച്ചു.

ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ് എംബസി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലുള്ള കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അമേരിക്കയിലേക്കുള്ള വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സെപ്റ്റംബര്‍- ഓക്ടോബര്‍ മാസത്തിലെ അധ്യയനത്തിന് മെയ് മുതല്‍ ഓഗസ്റ്റ് വരെ നിരവധി വിസ അപേക്ഷയാണ് ലഭിച്ചിരുന്നത്. അവസരം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ വിസ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയെന്ന എംബസി അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ പഠിക്കുന്ന ആകെ വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2020-21 അധ്യയന വര്‍ഷത്തില്‍  ആകെ 1,67,582 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസില്‍ പഠനത്തിനായി പോയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ എത്തുന്നത് ഇരുരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ഇരു രാജ്യങ്ങളുടെ ബന്ധം വളര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥ പട്രിക ലസിന പറഞ്ഞു.

 

Latest News