Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ സ്വകാര്യത ലംഘിച്ചു, ഇൻസ്റ്റഗ്രാമിന് 400 ദശലക്ഷം  ഡോളർ പിഴ

കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന് 405 ദശലക്ഷം ഡോളർ പിഴ. കുട്ടികളുടെ ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളുമടക്കം പരസ്യപ്പെടുത്തി സ്വകാര്യത ലംഘിച്ചുവെന്നതാണ് കേസ്. ഐറിഷ് ഡി.പി.സി ചുമത്തിയ പിഴശിക്ഷ യൂറോപ്യൻ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റഗുലേഷനു കീഴിൽ ഏറ്റവും കൂടിയ തുകയാണ്. ഐറിഷ് ഡി.പി.സി പിഴ ചുമത്തുന്ന മൂന്നാമത്തെ കമ്പനിയാണ് മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം. 

ട്വിറ്റർ വിചാരണ ഇനിയും നീട്ടണമെന്ന് മസ്‌ക്

ട്വിറ്ററിലെ സുരക്ഷ വീഴ്ച അടക്കമുള്ള ഉള്ളറ രഹസ്യങ്ങൾ പുറത്തുവന്ന സ്ഥതിക്ക് അവയെ കുറിച്ച് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് കോടീശ്വരൻ എലോൺ മസ്‌കിന്റെ അഭിഭാഷകർ.
44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള നീക്കം എലോൺ മസ്‌ക് ഉപേക്ഷിച്ചതിനെ കുറിച്ചുള്ള വിചാരണക്ക് കൂടുതൽ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിന് വ്യക്തമായ സുരക്ഷ പ്ലാനില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ഭീഷണിയിലാണെന്നും മുൻ സുരക്ഷ മേധാവി പീറ്റർ സാറ്റ്‌കോയാണ് വെളിപ്പെടുത്തിയിരുന്നത്. 
ഇടപാടിൽനിന്ന് മസ്‌ക് പിന്മാറിയ ശേഷം വിവാദം സൃഷ്ടിച്ച ഈ വെളിപ്പെടുത്തലുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും അതുകൊണ്ട് വിചാരണ ആഴ്ചകൾ തന്നെ നീട്ടണമെന്നുമാണ് മസ്‌കിന്റെ അഭിഭാഷകർ ആവശ്യപ്പെടുന്നത്. 
അതിനിടെ തന്റെ ട്വീറ്റുകൾക്ക് ലഭിക്കുന്ന 90 ശതമാനം കമന്റുകളും ട്വിറ്ററിലെ ബോട്ടുകളിൽ നിന്നാണെന്ന് സ്‌ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്തുകൊണ്ട് എലോൺ മസ്‌ക് ആരോപിച്ചു. പ്ലാറ്റ്‌ഫോമിലുള്ള ബോട്ടുകളെ കുറിച്ച് ട്വിറ്റർ നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

റിമോട്ട് കൺട്രോൾ സൈബ്രോഗ് കൂറകൾ 
റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന സൈബ്രോഗ് പാറ്റകളെ വികസിപ്പിച്ചിരിക്കയാണ് ജപ്പാനിലെ ശാസ്ത്രജ്ഞർ. അപകടകരമായ പ്രദേശങ്ങളിൽ പരിശോധന നടത്താനും പരിസ്ഥതി നിരീക്ഷിക്കാനും സഹായകമാകും എന്നതാണ് ഇതിന്റെ നേട്ടം. കൂടുതൽ മൃദുലമായ സൗരോർജ സെല്ലുകൾ ഉപയോഗിക്കുന്നതിനാൽ കൂറകളുടെ ചലനത്തിനും നീക്കത്തിനും തടസ്സമില്ല. ഏകദേശം 6 സെന്റിമീറ്റർ നീളമുള്ള മഡഗാസ്‌കർ കൂറകളുടെ സഹായത്തോടെയാണ് പ്രാരംഭ പരീക്ഷണം നടത്തിയത്. എൻ.ബി.ജെ ഫഌക്‌സിബിൾ ഇലക്ട്രോണിക്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് പുതിയ ഗവേഷണം വെളിപ്പെടുത്തിയത്. സോളാർ സെല്ലിൽ ഘടിപ്പിച്ച റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് മൊഡ്യൂളിന് ഊർജം നൽകുന്നത്, ഇത് ബാറ്ററിയിലൂടെ തുടർച്ചയായ ഊർജ പ്രവാഹം ഉറപ്പാക്കുമെന്ന് പ്രബന്ധത്തിൽ പറയുന്നു. 
വയർലസ് ലെഗ് കൺട്രോൾ മൊഡ്യൂളും ലിഥിയം പോളിമർ ബാറ്ററിയും പാറ്റയുടെ മുകൾഭാഗത്ത് പ്രത്യേകമായി രൂപകൽപന ചെയ്ത ബാക്ക്പാക്ക് ഉപയോഗിച്ച് ഘടിപ്പിച്ചു. 
മെക്കാനിക്കൽ ഉപകരണങ്ങൾ ഉണ്ടായിരുന്നിട്ടും ഫ്‌ളക്‌സിബിൾ മെറ്റീരിയലുകൾ ഉപയോഗിച്ചതിനാൽ പാറ്റകളെ  സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നു. ഇതാണ് സൈബർഗ് പാറ്റകളെ ഒരു പ്രായോഗിക യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 

ഷോപ്പിംഗ് പേജുകൾ പിൻവലിക്കുന്നു

ഇൻസ്റ്റഗ്രാമിലെ നിരവധി ഷോപ്പിംഗ് പേജുകൾ പിൻവലിക്കാൻ ഒരുങ്ങുന്നു. കമ്പനികളുടെ മുൻഗണന മാറിയതിനാൽ നിലവിലുള്ള ഷോപ്പിംഗ് പേജുകൾ ക്രമേണ അപ്രത്യക്ഷമാകുമെന്ന കാര്യം കമ്പനി ജീവനക്കാർക്ക് നൽകിയ ആഭ്യന്തര സർക്കുലറിലാണ് പറയുന്നത്. ടാബ് ലൈറ്റ് എന്ന പേരിൽ കൂടുതൽ വ്യക്തി കേന്ദ്രീകൃതമല്ലാത്ത ഷോപ്പിംഗ് പേജുകളായിരിക്കും വരുംമാസങ്ങളിൽ പരീക്ഷിക്കുകയെന്നും സർക്കുലറിൽ പറയുന്നു.

നിഷേധവുമായി ടിക് ടോക്

200 കോടി ഉപയോക്താക്കളുടെ ഡാറ്റകൾ ഹാക് ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ടിക് ടോക് നിഷേധിച്ചു. 790 ജിബി വരുന്ന ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിയെന്നാണ് ഹാകേഴ്‌സ് ഫോറം അവകാശപ്പെടുന്നത്. യൂസർ ഡാറ്റക്കു പുറമെ, സ്റ്റാറ്റിസ്റ്റിക്‌സും കോഡും ചോർത്തിയെന്നാണ് അവകാശവാദം. എന്നാൽ അത്തരത്തിലുള്ള സുരക്ഷ തകർച്ചയോ വീഴ്ചയോ സംഭവിച്ചതിനു തെളിവുകളൊന്നമില്ലെന്നാണ് വാർത്തകൾ നിഷേധിച്ചുകൊണ്ടുള്ള ടിക് ടോക് വക്താവിന്റെ പ്രസ്താവന. 

ജീവനക്കാരെ പിരിച്ചുവിട്ട് ബൈറ്റ് ഡാൻസ്

നൂറുകണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസ്. ഹോങ്കോംഗിലെ വീഡിയോ ഗെയിമിംഗ് ഡിവിഷനിൽനിന്നാണ് കൂട്ടപ്പിരിച്ചുവിടൽ. ഹാംഗ്‌ഷോ ഡിസ്ട്രിക്ടിലുള്ള ജിയാംഗ്നാൻ സ്റ്റുഡിയോയിലാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ ഒരു ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോ പൂട്ടിയ ബൈറ്റ്ഡാൻസ് നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

ബ്രസീലിൽ ആപ്പിൾ കമ്പനിക്ക് 19 കോടി രൂപ പിഴ

ബ്രസീലിൽ ബാറ്ററി ചാർജർ ഇല്ലാതെ ഐഫോണുകൾ വിൽക്കുന്നതിന് വിലക്ക്. പൂർണമല്ലാത്ത ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ബ്രസീൽ സർക്കാരിന്റെ നടപടി. ബ്രസീൽ നീതിന്യായ മന്ത്രാലയം ആപ്പിൾ കമ്പനിക്ക് 12.275 ദശലക്ഷം റീസ് (ഏകദേശം 19 കോടി രൂപ) പിഴ വിധിച്ചിട്ടുമുണ്ട്. ഐഫോൺ 12 ന്റെയും അതിനു ശേഷമുള്ള മോഡലുകളുടെയും വിൽപനയാണ് നിരോധിച്ചിരിക്കുന്നത്. 

ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യണം

ഹാക്കർമാർ ഒരു ബഗ് ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ എത്രയും പെട്ടെന്ന് ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ ഉപയോക്താക്കളോട് നിർദേശിച്ചു. വളരെ എളുപ്പം ഇൻസ്റ്റാൾ ചെയ്യാവുന്ന സെക്യൂരിറ്റ് അപ്‌ഡേറ്റാണ് നൽകിയിരിക്കുന്നത്. ഭൂരിഭാഗം ഉപയോക്താക്കളും അപ്‌ഡേറ്റ് ചെയ്ത ശേഷം ബഗിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ഗൂഗിൾ അറിയിച്ചു. 
 

Latest News