ഐ.ടി ചട്ടങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളിലെ ഭേദഗതികൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
യു.എസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യു.എസ്.ഐ.ബി.സി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഡാറ്റ സംരക്ഷണം, ഡിജിറ്റൽ ഇന്ത്യ നിയമം, ഡാറ്റ ഗവേണൻസ് ചട്ടക്കൂട് സംബന്ധിച്ച പരിഷ്‌കരിച്ച ബിൽ എന്നിങ്ങനെ പുതിയ നിയമ നിർമാണങ്ങളുടെ  പരമ്പരയും വരാനിരിക്കുന്നു.  അടുത്ത മൂന്നുനാല് മാസത്തിനുള്ളിൽ ഇവ നടപ്പിലാകുമെങ്കിലും കർശനമായ  പരിശോധനകൾക്കും പങ്കാളിത്ത ആലോചനകൾക്കും വിധേയമാക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു.
ടെക്കേഡിൽ ഇന്ത്യയെ വിജയിപ്പിക്കുന്ന ചട്ടക്കൂടാണ് ലക്ഷ്യമെന്നും ഈ പുതിയ നിയമങ്ങൾ നിലവിലെ നിയമങ്ങളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ നിയമങ്ങളുമായി എന്തെങ്കിലും വൈരുധ്യങ്ങളുണ്ടെങ്കിൽ അവ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ പരാതി പരിഹാര സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതിനാലാണ് 
2021 ലെ ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്.  സർക്കാർ രൂപീകരിച്ച പരാതി അപ്പീൽ കമ്മിറ്റികളും ഇക്കാര്യം നിർദേശിച്ചിരുന്നു. ഇടനിലക്കാരിൽ ആഭ്യന്തര അപ്പീൽ കമ്മിറ്റികൾ കൊണ്ടുവരണമെന്ന നിർദേശം വ്യവസായ ലോകവും കേന്ദ്ര സർക്കാരും പരിശോധിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിൽ സാങ്കേതികവിദ്യ അനിവാര്യമാണെന്ന ബോധ്യത്താൽ ടെക്‌നോളജി നയത്തിൽ സവിശേഷ ശ്രദ്ധയാണ് കേന്ദ്ര സർക്കാർ ചെലുത്തുന്നതെന്നും 
രാജ്യത്തിന്റെ ദിശ നിർണയിക്കപ്പെടുന്നത് അതിലൂടെയാണെന്നും മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.  സമ്പദ്ഘടനയുടെ വികസനത്തിൽ ടെക്‌നോളജി വലിയ സംഭാവനകളർപ്പിക്കാൻ പോകുകയാണെന്നും 2026 ഓടെ ഇത് ജി.ഡി.പിയുടെ 25 ശതമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  നിലവിലെ ഐ.ടി നിയമം രണ്ട് പതിറ്റാണ്ട് മുമ്പാണ് നിലവിൽവന്നത്. കൂടുതൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ പുതുമകൾ സാധ്യമാക്കുന്നതിനും  ഐ.ടി നിയമത്തിൽ  പുതിയ ചട്ടക്കൂട് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News