തൊഴിൽ മേഖലയിൽ സൗദികൾക്ക് അവസരങ്ങൾ ലഭ്യമാക്കണം
റിയാദ് - പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിന്റെ അധ്യക്ഷതയിൽ സൗദിവൽക്കരണ സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഒമ്പതു ഗവൺമെന്റ് വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു. തൊഴിൽ വിപണിയിൽ സൗദി പൗരന്മാർക്ക് അവസരങ്ങൾ ലഭ്യമാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും ശ്രമിച്ച് സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതികളെയും പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണത്തിനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിന് അവലംബിക്കുന്ന സംവിധാനങ്ങളെയും കുറിച്ച് യോഗം വിശകലനം ചെയ്തു. സ്വയം തൊഴിൽ പദ്ധതിയെന്നോണം സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്ന സൗദി യുവാക്കൾക്ക് വായ്പകൾ നൽകുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കുന്നതിനെ കുറിച്ചും പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിയമനം ഉറപ്പുനൽകുന്ന തൊഴിൽ പരിശീലിന പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ചും വൻകിട കമ്പനികളുടെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കുന്നതിന് സൗദി ഉദ്യോഗാർഥികൾക്ക് വായ്പകൾ ലഭ്യമാക്കുന്നതിനെ കുറിച്ചും ഉദ്യോഗാർഥികൾക്ക് വേഗത്തിലും എളുപ്പത്തിലും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഒഴിവുകളെ കുറിച്ച വിവരങ്ങൾക്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ സ്ഥാപിക്കുന്നതിനെ കുറിച്ചും യോഗം വിശകലനം ചെയ്തു.
ആഭ്യന്തര, മുനിസിപ്പൽ-ഗ്രാമകാര്യ, വാണിജ്യ-നിക്ഷേപ മന്ത്രാലയങ്ങൾ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്, സാങ്കേതിക-തൊഴിൽ പരിശീലന കോർപറേഷൻ, ചെറുകിട-ഇടത്തരം സ്ഥാപന അതോറിറ്റി, മാനവ ശേഷി വികസന നിധി, സാമൂഹിക വികസന ബാങ്ക്, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ്, സ്വകാര്യ മേഖലാ വികസന വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണ് സൗദിവൽക്കരണ സ്റ്റിയറിംഗ് കമ്മിറ്റി.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയർന്ന പശ്ചാത്തലത്തിൽ പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ജനുവരി അവസാനത്തിൽ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കും. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും നിർബന്ധിത സൗദിവൽക്കരണം നിലവിൽവരും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.