തെരുവു നായ്ക്കളുടെ പ്രശ്‌നത്തിന് ദീർഘകാല പരിഹാരം അനിവാര്യം

ദുരന്തങ്ങളുണ്ടാകുമ്പോൾ കുറെ കോലാഹലമുണ്ടാക്കി എന്തെങ്കിലും ചെയ്യുകയല്ല, വിഷയത്തെ കൃത്യമായി മനസ്സിലാക്കി ദീർഘകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അതിനാണ് ഭരണകൂടവും സാമൂഹ്യ പ്രവർത്തകരും മുൻകൈ എടുക്കേണ്ടത്. ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ, ശരിയായ മാലിന്യ സംസ്‌കരണവും മൃഗാവകാശങ്ങൾ സംരക്ഷിച്ചുള്ള നടപടികളാവുകയും വേണം.

 

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി വന്യമൃഗങ്ങളടക്കമുള്ള മൃഗങ്ങളും മനുഷ്യരുമായുള്ള സഹവർത്തിത്വത്തിലെ വിള്ളലുകൾ മാറിയിരിക്കുന്നു. ഒരു വശത്ത് ആനയും കടുവയും പന്നിയും മയിലും മലയണ്ണാനുമടക്കമുള്ള മൃഗങ്ങൾ കാടിറങ്ങിവന്ന് മനുഷ്യ ജീവനും കൃഷിക്കും വൻ ഭീഷണിയായി മാറിയിരിക്കുന്നു. മറുവശത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെയും ജീവൻ നഷ്ടപ്പെടുന്നവരുടെയും എണ്ണം വർധിച്ചുവരുന്നു. എന്നാൽ ഓരോ സംഭവമുണ്ടാകുമ്പോഴും കുറെ കോലാഹലവും കുറച്ചു നടപടിയുമുണ്ടാകുമെന്നതൊഴികെ ഈ വിഷയങ്ങളോട് ക്രിയാത്മകമായ ഒരു സമീപനം ഉത്തരവാദപ്പെട്ടവരിൽ നിന്നുണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 

മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗാവകാശങ്ങളും പരിഗണിക്കപ്പെടുന്ന സംസ്‌കാരത്തിലേക്ക് ഇന്ന് ലോകം വളരുകയാണ്. മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനവും നിലവിലുണ്ട്. എന്നാലിവക്കൊന്നും  കാര്യമായ വിലയൊന്നും കൽപിക്കാത്ത പ്രദേശമായി കേരളം തുടരുകയാണ്. ഇതുപറയുമ്പോൾ ഉടനുയരുക മനുഷ്യ ജീവനോ മൃഗങ്ങളുടെ ജീവനോ പ്രധാനം എന്ന ചോദ്യമാണ്. സ്വാഭാവികമായ മറുപടി മനുഷ്യ ജീവൻ എന്നതു തന്നെ. മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. അതു ചിലപ്പോൾ ചില മൃഗങ്ങളെ കൊന്നൊടുക്കുന്നതുമാകാം. രോഗം വന്ന കോഴികളെയും താറാവുകളെയുമൊക്കെ കൊന്നൊടുക്കാറുണ്ടല്ലോ. എന്നാൽ ഈ വിഷയത്തിനു ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനു ഒരു പടിപോലും ശ്രമിക്കാതെ, സംഭവങ്ങളുണ്ടാകുമ്പോൾ മാത്രം വികാരഭരിതമായി കാണുകയും ദീർഘകാല നടപടികളെ കുറിച്ചു സംസാരിക്കുന്നവർക്കു നേരെ ആൾക്കൂട്ട ആക്രമണം നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയം ഇത്രയും ഗുരുതരമാകുന്നതിൽ മനുഷ്യന്റെ ഉത്തരവാദിത്തം മറച്ചുവെക്കുന്നതും നൈതികമായ നിലപാടല്ല.

തെരുവുനായയുടെ വിഷയത്തിലേക്കു തന്നെ വരാം. ബാംഗ്ലൂരിലും ചെന്നൈയിലും മറ്റും സ്ഥിരം പോകുന്നവരാണല്ലോ മലയാളികൾ. അവിടത്തെ തെരുവുകളിൽ കേരളത്തേക്കാൾ എത്രയോ നായ്ക്കളെ കാണാം. എന്നാൽ ഇവിടെ നടക്കുന്നതിന്റെ എത്രയോ കുറവ് ആക്രമണങ്ങളാണ് അവിടെ നടക്കുന്നത്. മൃഗങ്ങളോടുള്ള സമീപനത്തിന്റെ പ്രശ്‌നമാണത്. കൂടാതെ എല്ലാ ആക്രമണങ്ങളും തെരുവുനായയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നു.  നിരവധി പേരെ കടിച്ചത് വളർത്തുനായ്ക്കളാണെന്നതാണ് വസ്തുത. അടുത്ത കാലത്ത് നായ്ക്കളുടെ ഏറ്റവും അക്രമം നടന്നത് കോവിഡ് മൂലം മനുഷ്യർ ഏറെക്കുറെ വീടിനകത്തിരുന്ന 2021 ലാണ്. അവയിൽ മഹാഭൂരിഭാഗവും വളർത്തുനായ്ക്കളായിരുന്നു. അവസാനം മരിച്ച അഭിരാമി എന്ന കുഞ്ഞിനെ കടിച്ചത് വളർത്തുനായയാണെന്ന് അമ്മ വെളിപ്പെടുത്തിയല്ലോ. പേവിഷബാധക്കുള്ള വാക്‌സിൻ കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല എന്ന വസ്തുതയും വെളിവായിരിക്കുകയാണ്. 

സത്യത്തിൽ അക്രമാസക്തരായ നായ്ക്കളെ കൊല്ലാൻ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്.  അക്രമാസക്തരായ നായ്ക്കളെ കൊല്ലുകയാണെങ്കിൽ പരമാവധി വേദനരഹിതമായി കൊല്ലണമെന്ന നിയമവും നിലവിലുണ്ട്. എന്നാലതൊന്നും പാലിക്കാതെയാണ് പലപ്പോഴും നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത്. ഏതാനും മാസം മുമ്പ് തൃക്കാക്കര നഗരസഭ നിയമ വിരുദ്ധമായി അത്തരം കൂട്ടക്കൊല നടത്തിയ വാർത്ത വിവാദമായിരുന്നു.  'ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നതിൽ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദർശിക്കാനാവും' എന്ന ഗാന്ധി വചനവും നാം മറക്കുന്നു. 

തെരുവുനായ്ക്കൾ പെരുകാനും അക്രമാസക്തമാകാനും കാരണം നമ്മൾ തന്നെയാണെന്നതാണ് മറച്ചുവെക്കുന്നത്.  മാലിന്യ നിക്ഷേപവും ഒരു ഘട്ടം കഴിഞ്ഞാൽ വളർത്തുനായ്ക്കളെ തെരുവിൽ തള്ളലുമാണ് മനുഷ്യനോട് ഏറ്റവുമാദ്യം മെരുങ്ങിയ ഈ ജീവി അക്രമാസക്തമാകാൻ പ്രധാന കാരണം. ഏതാനും വർഷം മുമ്പ് തിരുവനന്തപുരത്ത് വൃദ്ധയായ വീട്ടമ്മയെ കടിച്ചുകീറി കൊന്ന സംഭവത്തോടെയാണല്ലോ തെരുവു നായ പ്രശ്നം സജീവമായത്. അതിനും കാരണം മാലിന്യ പ്രശ്‌നമായിരുന്നു. തുടർന്നായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രൂരമായ രീതിയിൽ നായവേട്ട നടന്നത്. 

മൃഗാവകാശങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ സർവദേശീയ പ്രഖ്യാപനത്തിൽ മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷക്കും അവകാശമുണ്ട്, യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നു പ്രത്യേകം പറയുന്നു. പേവിഷ ബാധയുള്ള നായ്ക്കളെ കൊല്ലണമെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ കേരളത്തിലെ എല്ലാ തെരുവുനായ്ക്കളെയും കൊല്ലണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനായി എല്ലാ നിയമങ്ങളും ലംഘിക്കാനും അവർ ആഹ്വാനം ചെയ്യുന്നു. തെരുവുനായ്ക്കളുടെ ശാസ്ത്രീയമായ വന്ധ്യംകരണവും നിയമം അനുവദിച്ചു തരുന്നുണ്ട്. ഇതിനു വേണ്ട ധനസഹായം കേന്ദ്ര ഗവണ്മെന്റിൽ നിന്ന് സംസ്ഥാനങ്ങൾക്കും തദ്ദേക സ്ഥാപനങ്ങൾക്കും ലഭിക്കും. അതിനുമപ്പുറം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നത് അപ്രായോഗികമാണ്. നിയമ വിരുദ്ധവുമാണ്, സംസ്‌കാര വിരുദ്ധവും.

നായ്ക്കൾ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്ത തിനാലാണെന്ന് ആർക്കാണറിയാത്തത്. വീടുകളിൽ വളർത്തുന്ന വിദേശ നായ്ക്കൾക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടൻ നായ്ക്കൾക്കു നൽകിയാൽ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. ഒപ്പം മാലിന്യങ്ങളും തെരുവിലേക്ക് തള്ളുന്നു.  ശരാശരി മാംസ ഉപയോഗത്തിൽ ദേശീയ തലത്തിൽ തന്നെ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എന്തുകൊണ്ട് വൃത്തിയുള്ള ആധുനിക സൗകര്യങ്ങളും മാലിന്യ സംസ്‌കരണ ശേഷിയുമുള്ള അറവുശാലകൾ സ്ഥാപിക്കാൻ അധികൃതർ മുൻകൈ എടുക്കുന്നില്ല?  അപ്പോൾ പിന്നെ നായ്ക്കൾ പെരുകാതിരിക്കുന്നതെങ്ങനെ? അക്രമികളാകാതിരിക്കുന്നതെങ്ങനെ? ഇതിനാണ് ദീർഘകാല പരിഹാരം കാണേണ്ടത്. മുമ്പ് ആളുകൾ സ്വഛമായി നീന്തിക്കുളിച്ചിരുന്ന പല പുഴക്കടവുകളിലും ഇപ്പോൾ നീർനായ്ക്കളെ പേടിച്ച് ഇറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. പുഴയോരങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന മാംസാവശിഷ്ടങ്ങൾ തിന്നു ജീവിക്കുന്ന ഇവ വേഗത്തിൽ പെറ്റു പെരുകുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. 

തെരുവുനായകളുടെ എണ്ണത്തിലുണ്ടായ വർധനയുടെ മറ്റൊരു കാരണം നമ്മുടെ ഭക്ഷണ ശീലത്തിൽ വന്ന മാറ്റമാണെന്ന് ചില വെറ്ററിനറി ഡോക്ടർമാർ പറയുന്നു. 'തട്ടുകടകളിലും തെരുവോര ഭക്ഷണ ശാലകളിലും ആളുകൾ കഴിച്ചു ബാക്കിയായ ഭക്ഷണ വസ്തുക്കൾ നായ്ക്കൾക്ക് സുലഭമായി ലഭിക്കുന്നു. ആഹാര ശൃംഖലയിൽ ഒരു ഭക്ഷണവും പാഴാക്കപ്പെടുന്നില്ല. ഏതെങ്കിലും ജീവികൾ അത് ആഹാരമാക്കി പെറ്റു പെരുകും, ഇവിടെ അത് നായ്ക്കളിലാണ് സംഭവിച്ചത്. ആവശ്യമില്ലാത്തതെല്ലാം വഴിയിൽ ഉപേക്ഷിക്കുന്ന നമ്മുടെ ആളുകളുടെ സ്വഭാവം നായ്ക്കളുടെ കാര്യത്തിലും കാണാം. വീട്ടിൽ അധികമായി ഉണ്ടാവുന്ന നായ് കുഞ്ഞുങ്ങളെയും അസുഖം ബാധിച്ച നായകളെയും ആളുകൾ തെരുവിൽ ഉപേക്ഷിക്കും. അവിടെ സുലഭമായി കിട്ടുന്ന ഭക്ഷണം കഴിച്ച് അവ പെറ്റുപെരുകും. നായ്ക്കളെ ഒന്നടങ്കം വന്ധ്യംകരണത്തിനു വിധേയമാക്കുന്നതും ശരിയാണോ എന്ന ചോദ്യവുമുണ്ട്. നമ്മുടെ നാടൻ നായ്ക്കൾ വംശനാശം നേരിടുകയായിരിക്കും അതിന്റെ അവസാന ഫലം. പിന്നീട് വിദേശ ഇനങ്ങൾ മാത്രമായി നായ്‌വർഗം ചുരുങ്ങും.  നാടൻ വിത്തുകൾ ഇല്ലാതായ പോലെ തന്നെ. ആ സാഹചര്യവും ആശാസ്യമല്ല.

ചുരുക്കത്തിൽ ദുരന്തങ്ങളുണ്ടാകുമ്പോൾ കുറെ കോലാഹലമുണ്ടാക്കി എന്തെങ്കിലും ചെയ്യുകയല്ല, വിഷയത്തെ കൃത്യമായി മനസ്സിലാക്കി ദീർഘകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അതിനാണ് ഭരണകൂടവും സാമൂഹ്യ പ്രവർത്തകരും മുൻകൈ എടുക്കേണ്ടത്. ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാകട്ടെ, ശരിയായ മാലിന്യ സംസ്‌കരണവും മൃഗാവകാശങ്ങൾ സംരക്ഷിച്ചുള്ള നടപടികളാവുകയും വേണം.

Latest News