വളരെ കാലം വിദേശത്തൊക്കെ ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസി തന്റെ ആത്മസുഹൃത്തിനെ കണ്ടുമുട്ടുമ്പോൾ കൈ കൊടുത്താൽ തിരിച്ചു കൈകൊടുക്കാൻ മലയാളിക്ക് വളരെ പിശുക്കാണ്. ഇത് സ്നേഹമില്ലാഞ്ഞിട്ടോ സന്തോഷമില്ലാഞ്ഞിട്ടോ അല്ല. ശീലമില്ലാഞ്ഞിട്ടാണ്. ഇതെല്ലാം പട്ടിണിയും പ്രയാസവും നിറഞ്ഞ ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്. ഇത് പറയുമ്പോഴും നമ്മിൽ നിന്ന് മറ്റു സമൂഹങ്ങൾക്ക് പഠിക്കാനും ചിലതുണ്ട്. സഹജീവി സ്നേഹവും പരസ്പര ബഹുമാനവും കൂട്ടായ്മകളും മതാപിതാക്കളോടും മുതിർന്നവരോടുമുള്ള ആദരവുകളിലുമെല്ലാം മലയാളിത്തനിമയെന്ന സ്വഭാവ ഗുണം തന്നെയുണ്ട്. ഇതിന് മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപവും മതപഠനം വഴി ലഭിക്കുന്ന അറിവും കാരണങ്ങളാണ്.
മലയാളികളായ നാം ഇന്ന് ലോകത്തിന്റെ ഓരോ അണുവിലും സാന്നിധ്യം അറിയിച്ചവരാണ്. എല്ലാം അറിയുന്നവരും ഏറ്റവും വൃത്തിയുളള വരും എന്നെല്ലാമാണല്ലോ മലയാളികളായ നാം നമുക്ക് തന്നെ നൽകുന്ന വിശേഷണങ്ങൾ.
കേരളത്തനിമ, കേരളീയ ശൈലി, കേരളീയ സൗന്ദര്യം, കേരള മോഡൽ എന്നിങ്ങനെ ലോകത്തിൽ ഒന്നാമതാവാൻ നമുക്ക് നമ്മുടേതായ കാരണങ്ങളുണ്ട്. ഗൾഫ് കുടിയേറ്റമടക്കം പ്രവാസത്തിന്റെ നീണ്ടകാല ചരിത്രം പറയാനുളളവരാണ് മലയാളികൾ.
എന്താണ് ഒരു മലയാളിക്ക് ലോകത്തിന്ന് മാതൃകയാവാനുള്ളത്? വസ്ത്രം, ഭക്ഷണം, പെരുമാറ്റം, ആചാരോപചാരങ്ങൾ ഇതൊക്കെയാണല്ലോ പ്രത്യക്ഷമായി ഒരു സമൂഹത്തെ വിലയിരുത്താൻ ഉപകരിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യം എടുത്താൽ ഒരു തനി മലയാളി ഭക്ഷണം ഏതാണ്? മന്തിയും കബ്സയും ബ്രോസ്റ്റും അൽ ഫഹമും വിദേശിയാണ്.
പൊറാട്ടയും ബിരിയാണിയും തന്തൂരിയും മുഗളൻമാരിൽ നിന്ന് തുടങ്ങി ഉത്തരേന്ത്യയിൽ നിന്നും വന്നതാണ് ദോശയും ചപ്പാത്തിയും സാമ്പാറും തമിഴൻമാരിൽ നിന്നും വന്നതാണ്. വെള്ള ചോറും കറിയും കപ്പ പുഴുക്കും മീൻ കറിയും കിഴങ്ങ് വർഗങ്ങളും കഞ്ഞിയും നിസ്സംശയം പറയാം, നമ്മുടെ സ്വന്തമാണ്. അർഹതയുള്ളത് അതിജയിക്കുമെന്ന സിദ്ധാന്തം പോലെ പരദേശി ഭക്ഷണങ്ങളുടെ തള്ളിക്കയറ്റത്തിൽ നമ്മുടെ കപ്പയും കിഴങ്ങുമൊക്കെ നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്.
ബ്രോസ്റ്റും ബർഗറും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അറേബ്യ വഴിയാണ് കേരളത്തിലെത്തുന്നത്. ഇത് പോലെ കേരളത്തിന്റെ ഭക്ഷണം യൂറോപ്പിലോ മിഡിലീസ്റ്റിലോ അന്നാട്ടുകാർക്ക് വേണ്ടി വിളമ്പുന്നുണ്ടോ? ഏതങ്കിലും ഒരു ഇംഗ്ലീഷുകാരൻ ഒരു മലയാളി ഹോട്ടൽ ബ്രിട്ടനിലോ അമേരിക്കയിലോ തുടങ്ങിയതായി അറിവുണ്ടോ? കാലങ്ങളായി കോഴി ഇറച്ചി കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ അത് ചുട്ടുകഴിക്കാം എന്ന് അറബികളിൽ നിന്നാണ് നാം പഠിച്ചത്. കരിയും കോഴിയും തീയും നാട്ടിലുണ്ട് എങ്കിലും അൽഫഹം കണ്ടപ്പോഴാണ് ഈ വിദ്യ നാം പഠിച്ചത്. കറിയും കൂട്ടാനും ഉപ്പേരിയും തൊട്ടുകൂട്ടാനും പപ്പടവും ഒക്കെ നമുക്ക് ഒഴിച്ചു നിർത്താനാവുമോ? ഒരു സദ്യ തയാറാക്കുന്നതിനുള്ള പെടാപ്പാടുകൾ എത്രയാണ്! കാലത്ത് ആറ് മണി മുതൽ നമ്മുടെ അമ്മമാരും ഭാര്യമാരും അടുക്കളയിൽ നടത്തുന്ന യുദ്ധത്തിന്റെ പത്തിലൊന്ന് മതി ഒരു സാന്റ്വിച്ചോ കബ്സയോ ഉണ്ടാക്കാൻ.
പോഷകങ്ങളുടെ കണക്കെടുത്താലും നമ്മുടെ ഭക്ഷണങ്ങളാണ് പിന്നിൽ.
ഭക്ഷണം വിട്ട് വസ്ത്രത്തിലേക്ക് കടന്നാലും ഒരു മാതൃക കാണിക്കാൻ നമുക്കില്ല. സ്ത്രീകളുടെ ചുരിദാറും സാരിയും ഒന്നും കേരളത്തിന്റെ ഒറിജിനൽ വസ്ത്രങ്ങളല്ല. പുരാണ സിനിമകളിലൊക്കെ കാണുന്ന മാറിലൂടെ കെട്ടുന്ന ഒറ്റമുണ്ടായിരുന്നു സ്ത്രീവേഷം. ആണുങ്ങൾക്ക് മുണ്ടും മേൽമുണ്ടുമായിരുന്നു. ഏത് വേഷവും മനുഷ്യർക്ക് സൗകര്യപ്രദമായിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം തന്നെ! അങ്ങനെയാണ് ഇന്ന് കാണുന്ന വസ്ത്ര രീതികളെല്ലാം രൂപപ്പെട്ടത്. എന്നാൽ ഇത്തരം ഘട്ടങ്ങൾക്കൊന്നും യോജിച്ചതല്ല നമ്മുടെ മുണ്ടും മേൽമുണ്ടും. തിരക്കിട്ട് എന്തെങ്കിലും ചെയ്യുമ്പോഴും തിരക്കേറിയ സ്ഥലങ്ങളിലും മുണ്ട് അസൗകര്യം തന്നെയാണ്. ഇന്ന് ബെർമുഡയും ട്രാക്സൂട്ടും എല്ലാം നിലവിൽ വന്നിട്ടുണ്ടെങ്കിലും മുണ്ട് എന്തോ സംഭവമാണെന്ന ധാരണയാണ് നമുക്ക്. ഒരു തൊഴിലാളി തലച്ചുമടുമായി പോകുബോൾ തുണി അഴിഞ്ഞ് പോയാലുള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ! ഒരു കൂലിപ്പണിക്കാരൻ പറമ്പിൽ കിളക്കാൻ വന്നാൽ എത്ര തവണയാണ് മുണ്ട് അഴിച്ച് ഉടുത്തുകൊണ്ടിരിക്കുന്നത്. ലോകത്ത് പല രാജ്യക്കാരും മുണ്ടുടുക്കുന്നവരായുണ്ട്. മലേഷ്യ, ഇന്തോനേഷ്യ, യെമൻ, ബംഗ്ലാദേശ് തുടങ്ങിയവ ഉദാഹരണം. എന്നാൽ അവർ മൂട്ടിയ തുണിയാണ് ഉപയോഗിക്കുന്നത്.
വസ്ത്രത്തിലും ഭക്ഷണത്തിലും ആചാര ഉപചാരങ്ങളിലും എല്ലാം വൈവിധ്യം പുലർത്തുന്നവരാണ് മനുഷ്യർ. ഇതിന്റെയൊക്കെ ഒരു നേർചിത്രമാണ് പ്രവാസത്തിന്റെ ഭൂമിക. ഇവിടെ ആഫ്രിക്കക്കാരനും ഏഷ്യക്കാരനും യൂറോപ്യനും സംഗമിക്കുമ്പോൾ അത് സംസ്കാരങ്ങളുടെ അടുത്തറിയൽ കൂടിയാണ്. അറബികൾ അവരുടെ ദേശീയ വസ്ത്രത്തിൽ തന്നെ അഭിമാനം കൊള്ളുന്നവരാണ്. ഇംഗ്ലീഷുകാരാവട്ടെ അവരുടെ ടൈയും കോട്ടും കൈവിട്ട കളിയില്ല. അവിടെയും നാം പാശ്ചാത്യരെയും അറബികളെയും അനുകരിക്കുന്നതല്ലാതെ ആരും നമ്മെ അനുകരിക്കുന്നില്ല.
പുറത്ത് നിന്ന് വന്ന പാന്റും ഷർട്ടും മലയാളികളിൽ പ്രചാരത്തിലാവാനുള്ള കാര്യം അതിന്റെ സൗകര്യവും സൗന്ദര്യവും സ്വീകാര്യതയുമാണ്. ഉത്തരേന്ത്യക്കാരുടെ പൈജാമയും കുർത്തയും കാലങ്ങളായി അവർ ഉപയോഗിക്കുന്നതാണ്. ആധുനിക കാലത്തും അത് മാറ്റമില്ലാതെ തുടരുന്നുണ്ട്. മുഗൾ ഭരണാധികാരികളുടെ വേഷവിധാനങ്ങളിൽ പെട്ടതായിരുന്നു പൈജാമയും കുർത്തയും. ഉപചാരങ്ങളുടെ കാര്യത്തിലും ഒരു മാതൃകയും പറയാനില്ലാത്തവരാണ് മലയാളി സമൂഹം. ചെറുതോ വലുതോ ആയ എന്തങ്കിലും സഹായങ്ങൾ ചെയ്താൽ ശുക്രനും, ശുക്കിരിയയും താങ്ക്സും ഒക്കെ കേരളത്തിന് പുറത്തുള്ള ചില നന്ദിവാക്കുകളാണ്.
വളരെ കാലം വിദേശത്തൊക്കെ ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസി തന്റെ ആത്മസുഹൃത്തിനെ കണ്ടുമുട്ടുമ്പോൾ കൈകൊടുത്താൽ തിരിച്ചു കൈകൊടുക്കാൻ മലയാളിക്ക് വളരെ പിശുക്കാണ്. ഇത് സ്നേഹമില്ലാഞ്ഞിട്ടോ സന്തോഷമില്ലാഞ്ഞിട്ടോ അല്ല ശീലമില്ലാഞ്ഞിട്ടാണ്. ഇതെല്ലാം പട്ടിണിയും പ്രയാസവും നിറഞ്ഞ ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്. ഇത് പറയുമ്പോഴും നമ്മിൽ നിന്ന് മറ്റു സമൂഹങ്ങൾക്ക് പഠിക്കാനും ചിലതുണ്ട്. സഹജീവി സ്നേഹവും പരസ്പര ബഹുമാനവും കൂട്ടായ്മകളും മതാപിതാക്കളോടും മുതിർന്നവരോടുമുള്ള ആദരവുകളിലുമെല്ലാം മലയാളിത്തനിമയെന്ന സ്വഭാവ ഗുണം തന്നെയുണ്ട്. ഇതിന് മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപവും മതപഠനം വഴി ലഭിക്കുന്ന അറിവും കാരണങ്ങളാണ്.






