കോഴിക്കോട്ട് വനിതാ പോലീസിനും  രക്ഷയില്ല,   'ഓപ്പറേഷന്‍ റോമിയോ'യില്‍ പെട്ടത്  32 പേര്‍

കോഴിക്കോട്- കോഴിക്കോട്  സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും ശല്യം ചെയ്തവര്‍ക്കെതിരേയും കേസെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വനിതാപോലീസുകാരെ മഫ്തിയില്‍ നിയോഗിച്ചായിരുന്നു 'ഓപ്പറേഷന്‍ റോമിയോ'. വനിതാപോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായ രീതിയില്‍ ആംഗ്യം കാണിക്കുകയും ശല്യംചെയ്യുകയും ചെയ്തതിന് വിവിധ സ്‌റ്റേഷനുകളിലായി 32 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
പലസ്ഥലങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പോലും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അത്തരത്തില്‍ പിടികൂടിയ 20 ആളുകളെ കര്‍ശനമായി താക്കീതു നല്‍കി വിട്ടയച്ചു. ഓണാഘോഷപരിപാടികള്‍ നടക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തുന്നവര്‍ക്കെതിരേ പോലീസ് ഇത്തരത്തില്‍ നടപടികള്‍ ശക്തമാക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ അറിയിച്ചു. ഡി.സി.പി. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം വനിതാ പോലീസ് സ്‌റ്റേഷന്‍, വനിതാസെല്‍, പിങ്ക് പട്രോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.

Latest News