മൈസൂരു-കര്‍ണാടകയിലെ മൈസൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ആസൂത്രിത ശ്രമം. കാമുകനോടൊപ്പം ഹോട്ടലില്‍ താമസിച്ച 21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അപൂര്‍വ ഷെട്ടിയാണ് മരിച്ചത്.
ഹുസൂര്‍ റോഡിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി സായാഹ്ന പത്രം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നെലെയാണ് സംഭവത്തിന് വര്‍ഗിയ നിറം നല്‍കാനുള്ള ശ്രമം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.
വിദ്യാര്‍ഥിനിയോടൊപ്പം താമസിച്ചിരുന്നത് ആശിഷ് ആയിരുന്നുവെങ്കിലും ആശിക് ആണെന്ന് പറഞ്ഞായിരുന്നു പ്രചാരണം.
പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ഫോട്ടോ കൊളാഷ് പങ്കിട്ടുകൊണ്ട് മേരാ വാലാ അബ്ദുള്‍ ഐസ നഹി' (എന്റെ അബ്ദുള്‍ ഇങ്ങനെയല്ല) എന്നാണ് സുദര്‍ശന്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ സാഗര്‍ കുമാര്‍ കുറിച്ചത്.
നല്ല വിദ്യാഭ്യാസമുള്ള, സുന്ദരിയായ ഒരു ഹിന്ദു പെണ്‍കുട്ടി എങ്ങനെയാണ് വൃത്തികെട്ട തൊഴില്‍ രഹിതരായ മുസ്ലിമിന്റെ വലയില്‍ വീഴുന്നതെന്ന് മറ്റൊരു ഉപയോക്താവ് ഋതു റാത്തൗര്‍ ട്വിറ്ററില്‍ ചോദിച്ചു.
വിദ്യാര്‍ഥിനിയോടൊപ്പം താമസിച്ചിരുന്നത് ആശിക്കല്ല, ആശിഷാണെന്ന് സ്ഥിരീകരിച്ചതായി വസ്തുതകള്‍ പരിശോധിക്കുന്ന ആള്‍ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇരയും പ്രതിയും ഹിന്ദു സമുദായക്കാരാണന്ന് ദേവരാജ പോലീസും പറഞ്ഞു.
പ്രതി ഹിന്ദുവാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചതായും ആള്‍ട് ന്യൂസ് വെളിപ്പെടുത്തി.






