തെല്‍അവീവ്- കറുത്ത വേഷധാരികള്‍ ആകാശത്തേക്ക് നിറയൊഴിച്ച് വിവാഹം ആഘോഷമാക്കിയ സംഭവത്തില്‍ വരനെ ഇസ്രായില്‍ പോലീസ് അറസ്റ്റ് ചെയ്തു. സെഗോം ഷാലോം തെരുവുകളിലൂടെ നീങ്ങിയ വിവാഹ ഘോഷയാത്രയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് ബദു അറബിയായ വരനെ അറസ്റ്റ് ചെയ്തത്.
ഐ.എസ് വാഹനവ്യൂഹം പോകുന്നുവെന്ന് കരുതിയെന്നാണ് വിഡിയോ സംബന്ധിച്ച് ഒരു എം.പി പ്രതികരിച്ചിരുന്നത്.
വന്‍ അപകടമെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി ഒരു പിതാവിനേയും മകനേയും കസ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. ഘോഷയാത്രക്ക് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുമുണ്ട്.
അതീവ ഗുരതരമായ സംഭവമാണ് റോഡുകളില്‍ കണ്ടതെന്നും കര്‍ശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാന്‍ പറഞ്ഞു. നിയമവിരുദ്ധ ആയുധങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രലായം പ്രത്യേകം ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലില്‍ നാടോടികളായ രണ്ടുലക്ഷം അറബികളുണ്ട്. 1948 ല്‍ ഇസ്രായില്‍ രൂപീകരിച്ച ശേഷവും നെഗാവ് മരുഭൂമയില്‍ അവശേഷിച്ച ബദുക്കളുടെ പിന്‍ഗാമികളാണ് ഇവര്‍.






