കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന  ഘാനക്കാരി  ഏഞ്ചല്ല തക്വിവാ പിടിയില്‍

കൊച്ചി- കേരളത്തിലേക്ക് തി തീവ്ര ലഹരി മരുന്നായ എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയില്‍. ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് ബെംഗളൂരുവില്‍ വച്ച് പാലാരിവട്ടം പോലീസ് പിടികൂടിയത്.
ജൂലൈ 20 നാണ് കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് അരികെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്ന് 102 ഗ്രാം എം ഡി എം എ പോലീസ് പിടികൂടിയത്. ഈ കേസിന്റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ പിടിയിലായത്. നൈജീരിയന്‍ സ്വദേശി ഒക്കാഫോര്‍ എസേ ഇമ്മാനുവല്‍ ഉള്‍പ്പെടെ ആറ് പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ് എച്ച് ഒ സനലിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ബെംഗളൂരു കെ ആര്‍ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്.
ദല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് എം ഡി എം എ കൂടുതലായി എത്തുന്നത്. കര്‍ണാടകയില്‍ ലഹരി മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി
 

Latest News