ഓഹരി സൂചിക തുടർച്ചയായ നാലാം വാരവും മികവ് കാഴ്ച വെച്ചു. ഒരു മാസമായി തുടരുന്ന കരുത്തിൽ 34,593 പോയന്റിലെ പ്രതിരോധം തകർക്കാനുള്ള ഒരുക്കത്തിലാണ് ബോംബെ സെൻസെക്‌സ്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ ഏപ്രിൽ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ ബുള്ളിഷായതിനാൽ വിദേശ ഫണ്ടുകൾ ഷോട്ട് കവറിങിന് നീക്കം നടത്തിയാൽ വീണ്ടും സൂചിക കുതിക്കും.
തെക്ക് പടിഞ്ഞാറൻ കാലവർഷം പതിവിലും അൽപം നേരത്തെ ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലേയ്ക്ക് പ്രവേശിക്കുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ വിഭാഗം. ഇക്കുറി മികച്ച മഴ ലഭ്യമായാൽ കാർഷിക മേഖലക്കും ഓഹരി വിപണിക്കും അത് നേട്ടമാക്കും.
ബോംബെ സൂചിക താഴ്ന്ന നിലവാരമായ 31,106 ൽ നിന്ന് 34,538 പോയന്റ് വരെ കയറി. വാരാന്ത്യം അൽപ്പം തളർന്ന 34,415 ൽ നിലകൊള്ളുന്ന സൂചികക്ക് ഈ വാരം ആദ്യ പ്രതിരോധം 34,600 പോയന്റിലാണ്. ഈ തടസ്സം മറികടന്നാൽ 34,785-35,032 വരെ ഉയരാൻ സൂചിക ശ്രമം നടത്താം. അതേ സമയം തിരുത്തലിന് നീക്കം നടന്നാൽ 34,168 ൽ ആദ്യ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 33,921-33,736 ലേക്ക് പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ ശ്രമം 10,600 ന് മുകളിൽ ഇടം കണ്ടെത്തുകയാണ്. എന്നാൽ വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്റിന് മുന്നോടിയായി വൻ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാവും ഓപറേറ്റർമാർ മുന്നിലുള്ള മൂന്ന് ദിവസങ്ങളിൽ നീക്കം നടത്തുക. 10,458 ൽ നിന്ന് 10,590 വരെ നിഫ്റ്റി ഉയർന്ന ശേഷം ക്ലോസിങിൽ 10,564 ലാണ്. ഇന്നും നാളെയുമായി 10,616 ന് മുകളിൽ ക്ലോസിങിൽ ഇടം കണ്ടെത്താനായാൽ സെറ്റിൽമെന്റ് വേളയിൽ 10,669 ലെ പ്രതിരോധം മറികടക്കാനാവും. ബുള്ളിഷ് ട്രന്റ് നിലനിർത്തിയാൽ സൂചിക മെയ് ആദ്യവാരം 10,748 വരെ സഞ്ചരിക്കാം. സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ് എ ആർ, റ്റി എസ് ഐ എന്നീ സാങ്കേതിക വിലയിരുത്തലുകൾ നിഫ്റ്റി മികവ് കാണിക്കുമെന്ന നിലയിലാണ്. നിഫ്റ്റി 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ് നീങ്ങുന്നത്.
കോർപറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്ത റിപ്പോർട്ടുകൾ ഈ വാരം സൂചികയിൽ സ്വാധീനം ചെലുത്താം. എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എയർടെൽ, മാരുതി സുസുക്കി, വിപ്രോ, ബജാജ് കോർപ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ റിപ്പോർട്ട് ഈ വാരം പുറത്തു വരും.
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 2821.24 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 2124.16 രൂപയുടെ നിക്ഷേപം നടത്തി. വിദേശ നിക്ഷേപകർ ഈ മാസം ഇതിനകം 7767 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 65.21 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ പതിനഞ്ച് മാസത്തിനിടയിൽ ആദ്യമായി 66.35 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 66.20 ലാണ്.
ഏഷ്യൻ-അമേരിക്കൻ മാർക്കറ്റുകൾ വാരാന്ത്യം നഷ്ടത്തിലാണ്. അതേ സമയം യൂറോപ്യൻ ഇൻഡക്‌സുകൾ അൽപം നേട്ടത്തിന് ശ്രമം നടത്തി. വാരാന്ത്യം അമേരിക്കൻ പ്രസിഡണ്ട് എണ്ണ വിപണിയെ കുറിച്ചു നടത്തിയ പ്രസ്താവന ഊഹക്കച്ചവടക്കാരെ രംഗത്ത് നിന്ന് അൽപം പിൻതിരിപ്പിക്കാം. 68.38 ഡോളറിലാണ് ക്രൂഡ് ഓയിൽ.
സ്വർണ വില വീണ്ടും ചാഞ്ചാടി. സിറിയക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ വിവരം രാജ്യാന്തര വിപണിയിൽ സ്വർണത്തിലെ നിക്ഷേപ തോത് തുടക്കത്തിൽ ഉയർത്തി. 1352 ഡോളർ വരെ സ്വർണം മുന്നേറിയെങ്കിലും പിന്നീട് നിരക്ക് 1335 ഡോളറായി.