ന്യൂദല്‍ഹി- എല്ലാ മതവിശ്വാസങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന പോസിറ്റീവ് സെക്യുലറിസത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മതം പരസ്യമായി പ്രകടിപ്പിക്കുന്നത് കുറ്റകരമാണെന്ന് കരുതുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന നെഗറ്റീവ് സെക്യുലറിസമല്ലെന്നും സുപ്രീം കോടതിയില്‍ വാദം.
കര്‍ണാടകയിലെ ഹിജാബ് വിലക്ക് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികളിലൊരാളായ ഐഷത്ത് ഷിഫക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് സുപ്രീം കോടതി ബെഞ്ച് മുമ്പാകെ വാദങ്ങള്‍ ഉന്നയിച്ചത്.
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ എല്ലാ മതങ്ങളും ഇത് അംഗീകരിക്കുന്നുണ്ടോയെന്നും ഒരേയൊരു ദൈവം മാത്രമേയുള്ളൂ എന്ന ചിന്താധാര എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമാണോയെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
എല്ലാ മതങ്ങളെയും തുല്യ ബഹുമാനത്തോടെ കാണണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ടെന്ന് കാമത്ത് മറുപടി നല്‍കി. ഒരു മതത്തിന്റെ പേരിലും വിവേചനം പാടില്ലെന്നാണ് അരുണാ റോയ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം അവരുടെ ആവിഷ്‌കാരത്തിന്റെയും മതത്തിന്റെയും അന്തസ്സിന്റെയും ഭാഗമായി കാണണമെന്നും സംസ്ഥാനം ഇത് ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വസ്ത്രധാരണത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് പറഞ്ഞാല്‍ വസ്ത്രം ധരിക്കാതിരിക്കാനുള്ള അവകാശവും മൗലികാവകാശമായി മാറുമെന്ന് ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭരണകൂടം ഭയങ്കരമായി കണക്കാക്കരുതെന്നും മറിച്ച് വൈവിധ്യങ്ങളുടെ ആഘോഷമായി കണക്കാക്കണമെന്നുമുള്ള ദക്ഷിണാഫ്രിക്കന്‍ വിധി കാമത്ത് പരാമര്‍ശിച്ചു. യഥാര്‍ത്ഥ മതവിശ്വാസത്തില്‍ നിന്നുളളതാണെങ്കില്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന
1986 ലെ ബിജോ ഇമ്മാനുവല്‍ കേസിലെ സുപ്രീം കോടതി വിധിയും അദ്ദേഹം ഉദ്ധരിച്ചു.
കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മതചിഹ്നങ്ങള്‍ ധരിക്കാറുണ്ട്. ചിലര്‍ അത് അവരുടെ വസ്ത്രത്തിന് താഴെയും ചിലര്‍ പുറത്ത് പൂര്‍ണമായും ധരിക്കുന്നു.
സെക്കുലറിസം ഒരു മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അവരുടെ മതപരമായ സ്വത്വം പ്രകടിപ്പിക്കുന്നതില്‍നിന്ന് വിലക്കുന്നില്ലെന്നും കാമത്ത് വാദിച്ചു. വിദേശ വിധികള്‍ ഉദ്ധരിക്കുന്നത് എങ്ങനെ ഇന്ത്യന്‍ സാഹചര്യത്തില്‍ തന്റെ വാദത്തെ സഹായിക്കുമെന്ന് ഒരു ഘട്ടത്തില്‍ കോടതി കാമത്തിനോട് ചോദിച്ചു.
അവരുടെ സമൂഹ പശ്ചാത്തലത്തിലാണ് അവരുടെ വിധിയെന്നും നമ്മള്‍ ഒരു യാഥാസ്ഥിതിക സമൂഹമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. എന്നാല്‍ വേദങ്ങള്‍ പറയുന്നതുപോലെ എല്ലായിടത്തുനിന്നുമുള്ള നല്ല കാര്യങ്ങളുടെ ഒഴുക്ക് അനുവദിക്കണമെന്ന് കാമത്ത് മറുപടി നല്‍കി.