Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍വെച്ച് ആപ്പിള്‍ കഴിച്ചില്ല; 500 ഡോളര്‍ പിഴ 

ഡെന്‍വര്‍- വിമാനത്തില്‍നിന്ന് ലഭിച്ച സൗജന്യ ആപ്പിള്‍ കഴിക്കാതെ ബാഗില്‍ വെച്ച് കൊണ്ടുവന്ന യാത്രക്കാരിക്ക് അമേരിക്കയില്‍ 500 ഡോളര്‍ പിഴ ശിക്ഷ. യു.എസ് കസ്റ്റംസ് അധികൃതര്‍ പിഴ ഒഴിവാക്കുന്നില്ലെന്നും കോടതി കയറേണ്ടിവരുമെന്നും യാത്രക്കാരി ക്രിസ്റ്റല്‍ ടാഡ്‌ലോക് പറഞ്ഞു. പാരീസില്‍നിന്ന് വരുമ്പോള്‍ ലഭിച്ച ആപ്പിള്‍ ഡെന്‍വറിലേക്കുള്ള അടുത്ത വിമാനത്തില്‍ വെച്ച് കഴിക്കാമല്ലോ എന്നുവിചാരിച്ച് ബാഗില്‍ വെച്ചതായിരുന്നു. മിന്നാപോളിസിലെത്തിയപ്പോഴാണ് കസ്റ്റംസുകര്‍ ആപ്പിള്‍ കണ്ടെത്തി പിഴയിട്ടതെന്ന് അവര്‍ പറഞ്ഞു. 
എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും എയര്‍പോര്‍ട്ട് കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്തിയിരിക്കണമന്ന് നിയമമുണ്ടെന്ന് മാത്രമാണ് യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗത്തിന്റെ പ്രതികരണം. 


ഡെല്‍റ്റ എയര്‍ലൈന്‍സില്‍ അവരുടെ തന്നെ പ്ലാസ്റ്റിക്ക് കവറിലാണ് ആപ്പിള്‍ നല്‍കിയിരുന്നത്. അത് കവറില്‍നിന്ന് പുറത്തെടുത്തിട്ടില്ലെന്നും അതുപോലെ ബാഗില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും യാത്രക്കാരി പറയുന്നു. കൊളറാഡോയിലെ ഡെന്‍വറിലേക്കായിരുന്നു രണ്ടാമത്തെ യാത്ര. 
വിമാനത്തില്‍നിന്ന് നല്‍കിയതാണെന്ന് വെളിപ്പെടുത്തിയ അവര്‍ അത് കഴിക്കണോ കളയണോ എന്നു ചോദിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 500 ഡോളര്‍ പിഴയടക്കാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു. ഒന്നുകില്‍ പിഴയടക്കുക, അല്ലെങ്കില്‍ കോടതിയില്‍ പോയി നിയമപോരാട്ടം നടത്തുക ഈ വഴികളാണ് മുന്നിലുള്ളതെന്ന് ടാഡ്‌ലോക് ഡെന്‍വര്‍ ആസ്ഥാനമായ കെ.ഡി.വി.ആര്‍ ടെലിവിഷനോട് പറഞ്ഞു. കോടതിയില്‍ ഒരു കൈ നോക്കാനാണ് യാത്രക്കാരിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 


ഒരു കഷണം ഫ്രൂട്ടിന്റെ പേരില്‍ ആളുകളെ ക്രിമിനുലുകളെ പോലെ കൈകാര്യം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ടാഡ്‌ലോക് കൂട്ടിച്ചേര്‍ത്തു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വക്താവ് വിസമ്മതിച്ചു. യു.എസ് കസ്റ്റംസ് ചട്ടങ്ങള്‍ പാലിക്കാന്‍ യാത്രക്കാരെ ഉണര്‍ത്താറുണ്ടെന്ന് മാത്രമാണ് എയര്‍ലൈന്‍സ് വ്യക്തമാക്കിയത്.

Latest News