ഇന്ന് ലോക വായനാദിനം
വായന അനുസ്യൂതം തുടരുന്ന ഒരു സർഗ സഞ്ചാരമാണ്. അത് മെലിഞ്ഞും തെളിഞ്ഞും ഗമിച്ചുകൊണ്ടേയിരിക്കും. അല്ലാതെ കേവല പുസ്തക വായനയിൽ മാത്രം ഒതുങ്ങി നിന്നിട്ടുള്ള വായനയെ കുറിച്ച്, വിശക്കുന്ന മനുഷ്യ, നീ പുസ്തകങ്ങൾ കൈയിലെടുക്ക്, അറിവാണ് ഏറ്റവും വലിയ ആയുധം എന്ന ആഹ്വാനം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു.
ഏപ്രിൽ 23. മറ്റൊരു ലോക പുസ്തക ദിനം കൂടി. വായന നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണെന്ന് ഓർമപ്പെടുത്തുന്ന ദിനം. മനസ്സിനേയും ശരീരത്തേയും മാത്രമല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻ കഴിയുന്ന ക്രിയാത്മകമായ പ്രക്രിയയായി വായന മാറുകയും നന്മയുടെ വിത്തുകൾ നട്ടുവളർത്താനുപകരിക്കുകയും ചെയ്യുമ്പോൾ വായന അനശ്വരമായ പുണ്യ പ്രവൃത്തിയാകും. അക്ഷരം എന്ന വാക്കർഥം അന്വർഥമാക്കി മാനവ രാശി നിലനിൽക്കുവോളം വായന സജീവമാകും. കാരണം വായന മനുഷ്യന്റെ അവിഭാജ്യമായ സാംസ്‌കാരിക പ്രവർത്തനമാണ്. സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവും ജീവിത സാഹചര്യങ്ങളിലുണ്ടായ വിപഌവകരമായ മാറ്റങ്ങളുമൊക്കെ വായനയുടെ സ്വഭാവത്തേയും രീതിശാസ്ത്രത്തേയുമൊക്കെ മാറ്റി മറിച്ചിട്ടുണ്ടെങ്കിലും വായന അഭംഗുരം തുടരുന്നുവെന്നതാണ് യാഥാർഥ്യം. മനുഷ്യനെ നേർവഴിക്ക് നടത്താനും വേണ്ടിടത്ത് തിരുത്താനും വായന നിലനിൽക്കേണ്ടത് അനിവാര്യമാണുതാനും. ഇതിന് പക്ഷേ കേവല സാക്ഷരതക്ക് പകരം നമുക്ക് സാംസ്‌കാരികവും ധാർമികവും പുരോഗമനപരവുമായ സാക്ഷരത കൂടി വേണമെന്നും വായനാദിനത്തോട് നാം ചേർത്തു വായിക്കുക.
വായനയുടെ സ്വർഗത്തിൽ സ്വപ്‌നങ്ങളുടെ അതിരുകളില്ലാത്ത വിസ്മയ പ്രപഞ്ചങ്ങളിലൂടെ വിരാജിക്കുമ്പോൾ മനുഷ്യന് ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്തതാണ്. എന്തു വായിക്കണം, എങ്ങനെ വായിക്കണം, എത്രത്തോളം വായിക്കണം എന്നിവയെല്ലാം പ്രസക്തമാണെങ്കിലും അറിവിന്റെ ഉറവകൾ തേടിയും ഭാവനയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചും മനോഹരമായ ആവിഷ്‌കാരങ്ങൾ ആസ്വദിക്കുവാനാണ് വായന ഓരോരുത്തരേയും സഹായിക്കുന്നത്. ഷെൽഫുകളിൽ പ്രതാപത്തിന്റെ അടയാളമായി നിലനിന്നിരുന്ന പുസ്തകങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതും പുസ്തകങ്ങളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. മാതൃഭാഷയിലും അല്ലാത്ത ഭാഷകളിലും വായന സജീവമാകുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും വളർന്നുവരുന്നത്.
അക്ഷരങ്ങൾ ചിന്തയുടെ അഗ്നിസ്ഫുലിംഗം തീർക്കാൻ കരുത്തുള്ള ശക്തമായ സാംസ്‌കാരിക മാധ്യമമാണ്. അക്ഷരക്കൂട്ടുകളും പുസ്തകങ്ങളും അതുകൊണ്ട് തന്നെ സമൂഹത്തിന്റെ നവോത്ഥാനത്തിലും സാംസ്‌കാരിക ഉദ്ഗ്രഥനത്തിനുമൊക്കെ വഴിയൊരുക്കിയതാണ് മാനവ ചരിത്രം. ഈ ചരിത്രം വിവിധ ഭാവത്തിലും താളത്തിലും ആവർത്തിക്കുമ്പോൾ ഏറ്റവും കാര്യക്ഷമവും ക്രിയാത്മകവുമായ സാംസ്‌കാരിക പ്രവർത്തനമായി വായന മാറുന്നു എന്ന സന്തോഷ വാർത്തയാണ് സമകാലിക ലോകത്തുനിന്നും നമുക്ക് കേൾക്കാൻ കഴിയുന്നത്.
വായന മരിക്കുന്നുവോ എന്ന ആശങ്ക ഒരുപാടു കാലമായി കേൾക്കുന്നതാണ്. ആ ആശങ്കൾക്കൊന്നും വലിയ അടിസ്ഥാനമില്ലെന്നാണ് തോന്നുന്നത്. വായന മരിക്കുന്നില്ല, വായനയുടെ ഭാവതലങ്ങളാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇ വായനയായാലും ബ്ലോഗ് വായനയായാലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വയനയായാലും വാട്‌സ് ആപ്പ് സന്ദേശങ്ങളായാലും വായനയുടെ വിവിധ രൂപങ്ങളിൽ സർഗ പ്രക്രിയയായി വായന നടക്കുന്നുണ്ട്. പക്ഷേ വായനയുട മൂല്യം എത്രത്തോളം ഉണ്ടെന്നതാണ് കാര്യം. വായനയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടേയും സമൂഹത്തിന്റേയും നന്മയാകുമ്പോൾ വായനയുടെ സർഗ സഞ്ചാരം സമൂഹത്തിന് ഗുണകരമാകും.
വായന അനുസ്യൂതം തുടരുന്ന ഒരു സർഗ സഞ്ചാരമാണ്. അത് മെലിഞ്ഞും തെളിഞ്ഞും ഗമിച്ചുകൊണ്ടേയിരിക്കും. അല്ലാതെ കേവല പുസ്തക വായനയിൽ മാത്രം ഒതുങ്ങി നിന്നിട്ടുള്ള വായനയെ കുറിച്ച്, വിശക്കുന്ന മനുഷ്യ, നീ പുസ്തകങ്ങൾ കൈയിലെടുക്ക്, അറിവാണ് ഏറ്റവും വലിയ ആയുധം എന്ന ആഹ്വാനം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു.
ഒരു കാലത്ത് കേരളത്തിന്റെ അവസ്ഥ എന്തായിരിന്നുവെന്നും കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ കേരളത്തിനുണ്ടായ മാറ്റം എത്രയാണെന്നും എത്രത്തോളം നമ്മളൊക്കെ പുരോഗമിച്ചുവെന്നും നമുക്കറിയാം. മുൻവിധികളില്ലാതെ തുറന്ന മനസ്സോടെയുള്ള വായന സമൂഹങ്ങളെ തമ്മിൽ അടിപ്പിക്കുകയും സഹകരണത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. മാനവ രാശിയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ ഉന്നമനമാണ് ശരിയായ വായന അടയാളപ്പെടുത്തുന്നത്. സംസ്‌കാരമുള്ള മനുഷ്യരുള്ളിടത്തോളം കാലം അത് വളർന്നു പരിലസിച്ചുകൊണ്ടേയിരിക്കും.
സ്‌നേഹമാണഖില സാര മൂഴിയിൽ എന്ന് ഉറക്കെ പറയാനും വെറുപ്പിന്റെ എല്ലാ പ്രത്യയശാസ്ത്രങ്ങളേയും നിരാകരിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന വായനാ സംസ്‌കാരമാണ് നമുക്ക് വീണ്ടെടുക്കേണ്ടത്.