Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർട്ടി കോൺഗ്രസിലെ ശ്ലേഷവും വക്രോക്തിയും മറ്റും

വൃത്തവും അലങ്കാരവും ഒപ്പിച്ച്, നഗരാർണവശൈലർത്തുക്കളുടെ വർണനയോടെ കാവ്യവും മഹാകാവ്യവും കെട്ടിയുണ്ടാക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു.  അന്നത്തെ ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുന്നത് മാത്രമായിരുന്നില്ല ആ കാവ്യാനുശീലനം. ഒന്നു പറഞ്ഞ് രണ്ടിനെ ദ്യോതിപ്പിക്കുന്നതായിരുന്നു അതിലെ സൂത്രം.  ഹൈദരാബാദിലെ ഇരുപത്തിരണ്ടാം സി. പി. എം കോൺഗ്രസിൽ ആ സൂത്രം ഹൃദ്യമായി പ്രയോഗിക്കപ്പെട്ടു. 
പറയാത്തത് പറഞ്ഞുവെന്നും പറഞ്ഞത് പറഞ്ഞതല്ലെന്നും വരുത്തിത്തീർക്കാൻ രാഷ്ട്രീയ കാവ്യ പണ്ഡിതന്മാരുടെ ഭാണ്ഡത്തിൽ എക്കാലവും ഉണ്ടായിരുന്നതാണ് വക്രോക്തിയും ന്യൂനോക്തിയും ശ്ലേഷവും മറ്റും മറ്റും.  ഒന്നിന് രണ്ടാർഥം കൽപിക്കുന്നതാണ് ശ്ലേഷം. ആദികാവ്യത്തിലെ 'മാ നിഷാദ' എന്ന ശ്ലോകത്തിന്, തിരുനല്ലൂർ കരുണാകരന്റെ അവതാരികയോടു കൂടി ഇറക്കിയ വ്യാഖ്യാനത്തിൽ, പന്ത്രണ്ടർഥം ഉള്ളതായി പ്രസ്താവിച്ചിരിക്കുന്നു.  വായനക്കാരൻ കാണാത്തതും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമായ ചില പ്രയോഗങ്ങൾ ചിലപ്പോൾ ഇടയലേഖനങ്ങളിൽ തിരുകിക്കയറ്റാറുണ്ടത്രേ. 
ആ സർഗാത്മക വൈരുധ്യം തെളിഞ്ഞു കാണാമായിരുന്നു ഹൈദരാബാദ് കോൺഗ്രസൽ. പ്രകാശ് കാരാട്ടിന്റെ കരട് പ്രമേയം നേരിയ തോതിൽ ഭേദഗതി ചെയ്തപ്പോൾ ജയം അതു വരെ ന്യൂനപക്ഷക്കാരനായിരുന്ന സീതാറാം യെച്ചൂരിക്കാണെന്ന് മാധ്യമ ഭൂരിപക്ഷം.  അതല്ല കാരാട്ട് തുടക്കം മുതലേ എടുത്തിരുന്ന കോൺഗ്രസ് നിലപാടു തന്നെയാണ് ഇപ്പോഴുമെന്ന് മറ്റൊരു പക്ഷം. മാധ്യമ ധാരണയെ തീർത്തും തിരുത്തുന്ന വ്യാഖ്യാനം ഒരു ചില്ലറ സഖാവിന്റെയല്ല. ചെവിയോടു ചെവി പറഞ്ഞു പരത്താൻ വേണ്ടി മുഖം വെളിവാക്കാത്ത ഒരു സീനിയർ സഖാവ് ചമച്ചുവിട്ടതുമല്ല,
ഇത്തരുണത്തിൽ വ്യാഖ്യാതാവ് പോളിറ്റ് ബ്യൂറോ അംഗവും പ്രകാശിന്റെ സഹധർമ്മിണിയുമായ ബൃന്ദ കാരാട്ടാണ്.  വിദേശ വിദ്യാഭ്യാസം നേടുകയും വാ തുറന്ന് വർത്തമാനം പറയാൻ അറിയുകയും ചെയ്യുന്ന ബൃന്ദ തന്റെ വ്യാഖ്യാനം അവതരിപ്പിച്ചത് ഔപചാരികമായും ഔദ്യോഗികമായും
ആയിരുന്നുവെന്നു കാണണം.  ധാരണ, സഖ്യം, മുന്നണി, നീക്കുപോക്ക് എന്നീ പദങ്ങളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ടു പറഞ്ഞാൽ, ബൃന്ദ പറഞ്ഞതിന്റെ അർഥം സി പി എമ്മിന് കോൺഗ്രസുമായി ഒരു ഇടപാടും ഉണ്ടാവുകയില്ല എന്നു തന്നെ. 
കേരളീയ മാധ്യമങ്ങളെല്ലാം  പ്രകാശിന് തിരിച്ചടി ഉണ്ടായിരിക്കുന്നുവെന്നും കോൺഗ്രസ് സി പി എം ആശ്ലേഷം മുറക്ക് നടക്കുമെന്നും പെരുമ്പറ അടിച്ചു നടക്കുമ്പോൾ എനിക്ക് സംശയമായിരുന്നു.  അങ്ങനെ കടകം മറിഞ്ഞുകൊണ്ടുള്ള ചുവടു വെപ്പിന് പ്രകാശ് വഴങ്ങുമോ? 'പാടില്ല' എന്ന ഒരു വാക്ക് വിട്ടുകളഞ്ഞതോടെ കോൺഗ്രസുമായി കൂടിക്കഴിയാം എന്നായി മാറുമോ ഹൈദരാബാദ് നിബന്ധന?  പ്രകാശിനും മലനാടൻ സഖാക്കൾക്കും തിരിച്ചടിയായതുകൊണ്ട് പാർട്ടി 
നിലപാട് പൊടുന്നനവേ സീതാറാമിന്റെ വിജയമായോ? വ്യാഖ്യാനവും വിശദീകരണവുമായി പഴയതോ പുതിയതോ ആയ ജനറൽ സെക്രട്ടറി വരുമ്പോൾ സൗകര്യം പോലെ അർഥം ഉരുത്തിരിയുമെന്ന് ഞാൻ വിശ്വസിച്ചു. അമ്പ തുകളിലെ പ്രശസ്ത കമ്യൂണിസ്റ്റ് വിരുദ്ധനായ ജോർജ് ഓർവെല്ലിന്റെ വാക്കു കൊണ്ടുള്ള കുസൃതികൾ പലപ്പോഴും സാധുവും സാർഥകവും രസകരവുമായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.  വിപ്ലവ വാങ്മയം പരിശോധിക്കുമ്പോൾ അദ്ദേഹം എറിഞ്ഞുപോയ ഒരു ശൈലി ആയിരുന്നു ഇരട്ട മൊഴി. സംസാരത്തിൽ മാത്രമല്ല, ചിന്തയിലും ആ ദ്വന്ദ്വം കടന്നു വരാം. ഉദ്ദേശിക്കുന്നതൊന്ന്, പറയുന്നത് വേറൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന് ഇതാകാം മാറിക്കൊണ്ടിരിക്കുന്ന അനുഭവ പ്രപഞ്ചത്തോടുള്ള സി പി എം സമീപനം.  ഇന്ന് സീതാറാമിന് അനുകൂലമെന്നു തോന്നുന്ന ഒരു വ്യാഖ്യാനത്തെ നാളെ പ്രകാശിന്റെ സാധൂകരണമായി മാറ്റിയെടുക്കുന്ന ഒരു തരം പൂന്താനം പണി ഞാൻ ആ ഓർവേലിയൻ ദർശനത്തിലും കാണുന്നു. 
അതിനെ സ്ഥിരീകരിക്കുമാറ്, പ്രമേയ ചർച്ചയുടെ മാറ്റൊലി അടങ്ങും മുമ്പ് അതാ വരുന്നു, ബൃന്ദയുടെ വ്യാഖ്യാനവും ബംഗാൾ പാർട്ടിയുടെ വിരോധവും.  കേരളീയ മാധ്യമങ്ങളും ബൃന്ദയും ബംഗാൾ ഘടകവും ഒക്കെ അവരുടേതായ രീതിയിൽ മനസ്സിലാക്കുന്ന ആ വ്യത്യസ്ത ശബളമായ ആ പ്രമേയമുണ്ടല്ലോ, അതിൽ വക്രോക്തിയും ശ്ലേഷവും ഇരട്ട മൊഴിയും ഇടയലേഖനത്തിന്റെ വിചാര സാധ്യതയും വ്യക്തമായി കാണാം.  വാസ്തവത്തിൽ എല്ലാം നമ്മുടെ ആചാര്യന്മാരും അനുയായികളും പണ്ടേ പറഞ്ഞുവെച്ചതാണ് സത്യം. കാണുന്നവന്റെ നോട്ടമനുസരിച്ച് കാഴ്ച മാറുന്നു. കോൺഗ്രസിനെ കൂട്ടു പിടിക്കണമെന്നു തോന്നുമ്പോൾ, വസ്തു സ്ഥിതി അതിനു ചേർന്ന രീതിയിൽ കാണാം. മറിച്ചാണ് സാഹചര്യമെങ്കിൽ, ഇന്ത്യൻ വിപ്ലവത്തിന്റെ ആവശ്യം കോൺഗ്രസ് വിരോധമായി വ്യാഖ്യാനിക്കുകയുമാവാം.  
വാസ്തവത്തിൽ ഇന്ത്യൻ വിപ്ലവം എന്ന ഗംഭീര പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതി മാത്രമാകും.  അവ തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ അന്തസ്സത്ത. കേരളത്തിൽ അധികാരത്തിന്റെ ഇടം വലം നിൽക്കുന്ന സി പി എമ്മിനും കോൺഗ്രസിനും തമ്മിലുള്ള ബന്ധം ശത്രുത ആകാനേ തരമുള്ളൂ.  ബംഗാളിൽ തങ്ങളെ തുരത്തിവിട്ട മമതാ ബാനർജി എന്ന രാഷ്ട്രീയ വ്യാഘ്രത്തെ വാലോ തലയോ പിടിച്ചൊതുക്കാൻ കോൺഗ്രസ് ഉപകരിച്ചേക്കും. ഈ രാഷ്ട്രീയ ശ്ലഥബന്ധത്തിനുള്ള ഉദീരണം മാത്രമാകുന്നു ഹൈദരാബാദിൽ കേട്ട വാചാടോപം. 
അതു കേട്ടും കണ്ടുമിരിക്കുന്ന കോൺഗ്രസിന്റെ കഥയാണ് കഷ്ടം. ബംഗാളിൽ പതിറ്റാണ്ടുകളായി അധികാരത്തിന്റെ നിഴൽപാടിൽ കഴിയുന്ന കോൺഗ്രസിന് കഴിയാതിരുന്നത് ഒറ്റക്ക് സാധിച്ച ആളാണ് മമത.  കോൺഗ്രസിലായിരുന്നെങ്കിൽ, കുടുംബ ബന്ധം അല്ല അതിലെ നേതൃത്വ നിർണയത്തിലെ മുഖ്യ പരിഗണന എങ്കിൽ, മമതയുടെ പേർ പ്രധാനമന്ത്രി പദത്തിനു പറയാൻ പലരുമുണ്ടാകുമായിരുന്നു. ഇന്നും അവരുടെ വീറും പേരും ഉള്ളവരായി മറ്റു പാർട്ടികളിൽ ആരുമില്ല.  ഗതി കെട്ടാൽ ബംഗാൾ പുലിയും പുല്ലു തിന്നാൻ മടിക്കില്ല എന്ന സ്ഥിതിക്ക് ഇനിയും മമതയെ കോൺഗ്രസ് ദത്തെടുത്തു കൂടായ്കയില്ല. എന്നാലും സ്ത്രീവേഷത്തിൽ തങ്ങളുടെ കാലനായി അവതരിച്ചിരിക്കുന്ന മമതയെ ആദരിച്ചിരുത്താൻ ബംഗാൾ സി പി എമ്മിന് ആവില്ല. അവരുമായി ചങ്ങാത്തം കൂടുന്ന കോൺഗ്രസിനെ മാത്രയ്ക്കു മാത്രയ്ക്ക് പുള്ളി മാറ്റുന്ന പുലിയായേ സഖാക്കൾ കാണൂ.  പക്ഷേ അതൊക്കെ അങ്ങനെ സംഭവിക്കുമ്പോൾ ഉണ്ടാകാവുന്ന പരിതോവസ്ഥ. ഇപ്പോൾ കോൺഗ്രസിനെ ബംഗാളിൽ ബാന്ധവത്തിനു കിട്ടുമല്ലോ. അതു മുതലെടുക്കാൻ നോക്കുകയാണ് തൽക്കാലം വിപ്ലവത്തിന്റെ കർത്തവ്യം. മറ്റൊരു മട്ടിൽ പറഞ്ഞാൽ, ബംഗാൾ കമ്യൂണിസ്റ്റ് പാർട്ടിയെന്നും കേരള കമ്യൂണിസ്റ്റ് പാർട്ടിയെന്നും രണ്ടു വിപ്ലവ രഥങ്ങൾ കളത്തിൽ ഇറങ്ങിയിരിക്കുന്നുവെന്നർഥം.
ഇരട്ട മൊഴി എന്ന ഓർവേലിയൻ ശൈലി പ്രസക്തമാകുന്ന മറ്റൊരു സന്ദർഭത്തെപ്പറ്റി കൂടി വിസ്തരിക്കട്ടെ. 
ഭേദഗതിയോടെ പ്രകാശിന്റെ കരട് സ്വീകരിക്കപ്പെട്ടതായാണ് വാർത്ത.  സീതാറാമിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടതും അതു തന്നെ. അപ്പോൾ കോൺഗ്രസുമായി കൂടണം എന്ന് അനുശാസിക്കുന്ന സീതാറം പ്രമേയമോ?  അതിനെന്തു പറ്റി? അതാണ് ഭൂരിപക്ഷ മനോഭാവമെങ്കിൽ, അത് അംഗീകരിക്കപ്പെടുകയും പ്രകാശിന്റെ കരട് തള്ളുകയും ചെയ്യാമായിരുന്നു. അതൊന്നുമുണ്ടാകാതെ, തന്റെ പ്രമേയം തള്ളുകയോ കൊള്ളുകയോ ചെയ്യാതെ സീതാറാം വിജയശ്രീലാളിതനായിരിക്കുന്നു എന്നാണ് ഒരു പക്ഷം, തീർച്ചയായും ന്യൂനപക്ഷം.  ഇരട്ട മൊഴിയുടെ സുഖം അതിലും അനുഭവിക്കാം. 
ജനറൽ സെക്രട്ടറി അവതരിപ്പിക്കുന്നതാവും പാർട്ടിയുടെ പൊതുനിലപാട് എന്നാവും സാധാരണ ധാരണ. ഇവിടെയിതാ ജനറൽ സെക്രട്ടറി തന്നെ ബദൽ രേഖയുമായെത്തിയിരിക്കുന്നു. വിചിത്രമായ ഈ വേഷവിധാനവുമായി എനിക്കു ബന്ധപ്പെടുത്താൻ കഴിയുന്നത് ഒരു അനുപം ഖേർ സിനിമയാണ്.  താനുൾപ്പടെയുള്ള ബന്ധുക്കൾ ആലോചിച്ചുറപ്പിച്ച മകളുടെ കല്യാണത്തിന്റെ തലേന്ന് കാമുകനുമായി കടന്നുകളയാൻ മകൾക്ക് ഒത്താശ ചെയ്യുന്ന അച്ഛന്റെ വേഷത്തിലാണ് ഖേർ. അതുപോലൊരു അച്ഛൻ വേറെ ഉണ്ടായിക്കാണില്ല പോലും. ഭൂരിപക്ഷത്തിന്റേതല്ലാത്ത നിലപാടുമായി നിലകൊള്ളുന്ന ജനറൽ സെക്രട്ടറിയുടെ സ്ഥിതിയും ഭിന്നമല്ല. 
ഒടുവിൽ പറയാവുന്ന ഒരു കാര്യം.  എത്രയോ ഭേദഗതികൾ വന്നു, തള്ളി. തള്ളിപ്പോയിരിക്കാവുന്ന ഒരു ഭേദഗതി പാർട്ടിയുടെ നേതൃഘടന മാറ്റുന്നതിനെപ്പറ്റിയായിരിക്കും. കൂടുതൽ ഭാരവാഹികൾക്ക് വ്യവസ്ഥയുണ്ടാക്കുന്ന ഒരു ഭരണഘടനാ ഭേദഗതി വന്നുവത്രേ. ബൂർഷ്വാ പാർട്ടികളെപ്പോലെ, സി പി എമ്മിനും കൂടുതൽ സെക്രട്ടറിമാരും ഖജാഞ്ചിമാരും മറ്റും മറ്റും വേണമത്രേ.  ബുദ്ധിമാനായ ആ പ്രമേയ കർത്താവിന്റെ നിശ്ചലമായ നീക്കം ഉണ്ടായ സന്ദർഭത്തിൽ കേരള കോൺഗ്രസിൽ മറ്റൊരു ദിശയിൽ ആയിരുന്നു നീക്കം. അവർ ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറച്ചു വെറും 25 ആയിട്ട്.
നിലവിൽ ജനറൽ സെക്രട്ടറിമാർ 68. അത്ര ജനറൽ സെക്രട്ടറിമാരുള്ള ഒരു പാർട്ടി കേരളത്തിൽ ഒതുങ്ങുകയില്ല.
 

Latest News