കൊല്‍ക്കത്ത- ബംഗാളില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓടുന്ന കാറില്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളിയ സംഭവത്തില്‍, പോലീസിനു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശാസന. കേസ് സംസ്ഥാന സി.ഐ.ഡിയിലേക്ക് മാറ്റി. ബി.ജെപി സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
പത്താം ക്ലാസ് വിദ്യാര്‍ഥികളായ അതനു ഡേ, അഭിഷേക് നസ്‌കര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 22ന് ഓടുന്ന കാറില്‍ ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കൊല്‍ക്കത്തക്ക് സമീപം ബസന്തി ഹൈവേയിലെ കനാലില്‍ തള്ളുകയായിരുന്നു. ബസിര്‍ഹട്ട് പോലീസെത്തി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞു. അജ്ഞാത മൃതദേഹങ്ങളായി കണ്ട് പോലീസ് മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം, ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണു തിരിച്ചറിഞ്ഞത്. ഇയാള്‍ കൊലപാതകം സമ്മതിക്കുന്നതുവരെ കുട്ടികള്‍ മരിച്ചതാണെന്നു പോലീസ് കരുതിയിരുന്നില്ല.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിജിത് ബോസ് (25), ഷമീം അലി (20), സാഹില്‍ മൊല്ല (20), ദിബ്യേന്ദു ദാസ് (20) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സത്യേന്ദ്ര ചൗധരി ഉള്‍പ്പെടെ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.






