Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതിയായി

ന്യൂദല്‍ഹി- കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ളതാണ് രണ്ടാംഘട്ടം. 11.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണിത്. 11 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. 1,957.05 കോടി രൂപയാണ് ചെലവ്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്റെ വികസനം അടക്കമുള്ളവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.

ആലുവ മുതല്‍ പേട്ട വരെ ഉള്ളതായിരുന്നു മെട്രോയുടെ ഒന്നാംഘട്ടം. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാംഘട്ടത്തില്‍ 22 സ്റ്റേഷനുകളാണുള്ളത്. 5181.79 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെ നീളുന്നതാണ് 1 എ ഘട്ടം. 710.93 കോടി ആയിരുന്നു ഇതിന്റെ നിര്‍മാണ ചെലവ്. എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന 1ബി ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1.20 കിലോമീറ്ററാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം.

 

Latest News