ന്യൂദല്‍ഹി- ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. ബലാത്സംഗങ്ങള്‍ക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഭര്‍തൃബലാത്സംഗത്തിന് നല്‍കുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അസോസിയേഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹരജിയില്‍ ദല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭര്‍തൃബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സി.പി.എമ്മിന്റെ വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഭര്‍തൃബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(എ), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന് മുകളില്‍ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ഭര്‍തൃബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവ് എന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.






