സോഷ്യല്‍ മീഡിയ കുറിപ്പ് വിശ്വസിച്ചു; മരിച്ച മകനെ ജീവിപ്പിക്കാന്‍ ഉപ്പിട്ടു മൂടി ആറു മണിക്കൂര്‍ കാത്തിരുന്നു

ബെല്ലാരി- മരിച്ചയാളെ ഉപ്പിട്ടുമൂടിയാല്‍ ജീവിപ്പിക്കാമെന്ന സോഷ്യല്‍ മീഡിയയിലെ കുറിപ്പ് വിശ്വസിച്ച മാതാപിതാക്കള്‍ മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം.  മുങ്ങിമരിച്ച പത്തുവയസ്സുകാരന്‍ സുരേഷിന്റെ ശരീരമാസകലം ഉപ്പിട്ടു മൂടിയ ശേഷം മകന്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ മാതാപിതാക്കള്‍ ആറു മണിക്കൂര്‍ കാത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെല്ലാരി ജില്ലയില്‍ സിര്‍വാര്‍ ഗ്രാമത്തിലാണ്  സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ സുരേഷ് മുങ്ങിത്താഴുകയായിരുന്നു. കുടുംബവും ഗ്രാമത്തിലെ മറ്റുള്ളവരും സോഷ്യല്‍മീഡിയ കുറിപ്പ് വിശ്വസിച്ച് അഞ്ച് ചാക്ക് ഉപ്പ് കൊണ്ടാണ് കുട്ടിയുടെ ശരീരം മൂടിയത്. കുറിപ്പില്‍ പറഞ്ഞതു പോലെ  ആറുമണിക്കൂറോളം അവര്‍ കുട്ടിക്ക് ജീവന്‍വെക്കുമെന്ന് കരുതി കാത്തരിക്കുകയും ചെയ്തു.
10 കിലോയോളം ഉപ്പ് മൂടി ആറു മണിക്കൂറോളം കാത്തിരുന്നുവെന്നും  പക്ഷേ, ഒന്നും സംഭവിച്ചില്ലെന്നും കുട്ടിയുടെ ബന്ധു തിപ്പെസ്വാമി റെഡ്ഡി പറഞ്ഞു.

ഏതാനും ഗ്രാമീണര്‍ വിവരം പോലീസിനെയും ഡോക്ടര്‍മാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ സ്ഥത്തെത്തി കുട്ടി മരിച്ചുവെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

 

Latest News