ഹൂത്തി മിസൈല്‍ തകര്‍ത്തു; നജ്‌റാനില്‍ ഫാമിന് തീപ്പിടിച്ചു 

റിയാദ്- യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്ത മിസൈല്‍ ഭാഗം വീണ് നജ്്‌റാനില്‍ ഫാമിന് തീപ്പിടിച്ചു. ആളപായമോ പരിക്കുകളോ ഇല്ല. ഞായറാഴ്ചയാണ്  സൗദിയിലെ ദക്ഷിണ അതിര്‍ത്തി നഗരമായ നജ്്‌റാനിലേക്ക് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചത്. ആകാശത്തുവെച്ച് തന്നെ മിസൈല്‍ സൗദി സേനകള്‍ തകര്‍ത്തുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. 
തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ ജനവാസ മേഖലയില്‍ ചിതറിയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിക്ക് തീപ്പിടിച്ചത്. 
ഉത്തര യെമനിലെ ഹൂത്തി ശക്തികേന്ദ്രമായ സഅദയില്‍നിന്നാണ് മിസൈല്‍ അയച്ചത്. ഞായറാഴ്ച തന്നെ മറ്റൊരു മിസൈല്‍ തകര്‍ത്തതായും സഖ്യസേന അറിയിച്ചു. ഇതിന്റെ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചിട്ടും ഇറാന്റെ സഹായത്തോടെ ഹൂത്തികള്‍ സൗദിക്കകത്തേക്ക് മിസൈലുകളും ഡ്രോണുകളും അയക്കുന്നത് തുടരുകയാണ്. 
വെള്ളിയാഴ്ച ജിസാനുനേരെ ഹൂത്തികള്‍ തൊടുത്ത മിസൈലും ആകാശത്തുവെച്ച് സൗദി സേന തകര്‍ത്തിരുന്നു. 

Latest News