തലശ്ശേരി- പിണറായിയിലെ ഒരു വീട്ടില്‍ നാലു മാസത്തിനിടെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിക്കാന്‍ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ധര്‍മടം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ ജനുവരി 21നു മരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുക്കാന്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട് അനുമതി നല്‍കിയിരുന്നു.
പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളാണ് നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യ. ഛര്‍ദിയെ തുടര്‍ന്നാണു കുട്ടി മരിച്ചത്. ഇതിനു മുന്‍പ് 2012ല്‍ സൗമ്യയുടെ മറ്റൊരു മകള്‍ കീര്‍ത്തന(ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോഴേക്കും സൗമ്യയുടെ അമ്മ വടവതി കമലയും(68) മരിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഇതേ രോഗലക്ഷണവുമായി മരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുയര്‍ത്തിയത്.
കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഏതാനും ദിവസം മുന്‍പു സൗമ്യയും ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലായതോടെ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇതിനിടയിലാണ് ബന്ധുക്കള്‍ ഐശ്വര്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പോലീസിനു പരാതി നല്‍കിയത്. സൗമ്യ സഹകരണ ആശുപത്രിയില്‍ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.