Sorry, you need to enable JavaScript to visit this website.

ബില്‍ക്കിസ് ബാനു കേസിലെ കാപാലികര്‍ക്ക് ഇളവ്; സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും

ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ  കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയത്  കേസിലെ 11 കൊലയാളികളുടെ മോചനം ചോദ്യം ചെയ്യുന്ന രണ്ട് ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, ആക്ടിവിസ്റ്റ് രൂപ് രേഖ റാണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുക.

ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് ടി.എം.സി എംപി മഹുവ മൊയ്ത്രയും പ്രത്യേക ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നതിനു മുമ്പ്  അധ്യക്ഷനായിരുന്ന ബെഞ്ച് ഓഗസ്റ്റ് 25 ന് ഈ ഹരജികളില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഇളവ് അനുവദിച്ച 11 പേരെയും കക്ഷികളായി ഉള്‍പ്പെടുത്താനും വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജസ്റ്റിസ് രമണ  ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ 21 കാരി ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയക്കാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലില്‍ നിന്ന് മോചിതരായി.

 

Latest News