പട്ടികജാതി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്: വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് നടത്തി

സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം- പട്ടികജാതി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തടഞ്ഞുവെച്ചുകൊണ്ട് ഇടതു സർക്കാർ തുടരുന്ന ദളിത് വിരുദ്ധത അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ പി. എ. അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. 1944 മുതൽ 2020 വരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് നൽകപ്പെട്ടിരുന്ന 'ഗവൺമെന്റ് ഓഫ് ഇന്ത്യാ സ്‌കോളർഷിപ്പ്' പുനഃസ്ഥാപിക്കാൻ കേരള സർക്കാർ ഉടൻ തയാറാകണം. പട്ടികജാതി വിദ്യാർഥികളും രക്ഷിതാക്കളും സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവല സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് സർക്കാർ സ്‌കോളർഷിപ്പ് തടയാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ ഭരണ ധൂർത്ത് തുടരുന്ന സന്ദർഭത്തിൽ പോലും അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കാൻ പോലും തുക നൽകാൻ കഴിയില്ലെന്ന സവർണ മനോഭാവമാണ് പിണറായി സർക്കാർ പുലർത്തുന്നത്. ജാതി വിവേചനത്തിന്റെ ഭാഗമായാണ് ഇടതു സർക്കാർ സ്‌കോളർഷിപ്പ് പദ്ധതി തടയുന്നത്.

2018 ൽ മൂന്ന് കുട്ടികൾ കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതിന്റെ ഫലമായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്തിരുന്നു. എന്നാൽ
2020 ആയപ്പോൾ ഇതേ സ്‌കോളർഷിപ്പ് ഒരു ഓഡിറ്റ് ഒബ്ജക്ഷന് വിധേയമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ കോടതിയുടെ ഉത്തരവ് പ്രകാരം 2018,19,20 അധ്യയന വർഷത്തെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണമാരംഭിച്ചു.

2020-21, 2021-22 ലെ വിദ്യാർഥികൾക്ക് ഇതുവരെയും സ്‌കോളർഷിപ്പ് ലഭിച്ചിട്ടില്ല. അലോട്ട്‌മെന്റ് മെമ്മോ വേണം എന്ന് പറഞ്ഞാണ് ദളിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് നിഷേധിക്കുന്നത്. ഇതിന്റെ ഫലമായി 2020-21, 2021-22 വർഷങ്ങളിൽ അഡ്മിഷൻ എടുത്ത ഒരു പട്ടികജാതി വിദ്യാർഥിക്ക് പോലും ഈ സ്‌കോളർഷിപ്പ് ലഭ്യമായിട്ടില്ല. 2019 ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ വക്കീൽ പറഞ്ഞത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പ് നൽകാൻ കേന്ദ്ര ഗവൺമെന്റിന് യാതൊരുവിധ ബുദ്ധിമുട്ടുമില്ല എന്നാണ്. തത്വത്തിൽ ഈ സ്‌കോളർഷിപ്പ് നിലവിലുണ്ട് എന്ന് പറയുകയും എന്നാൽ ഒരു വിദ്യാർഥിക്ക് പോലും രണ്ടുവർഷമായി സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നുമില്ല. സംസ്ഥാന ഭരണകൂടം തുടരുന്ന ജാതി വിവേചനം അവസാനിപ്പിച്ച് പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യാൻ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധ ധർണയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.എച്ച്.ആർ.എം പാർട്ടി നേതാവ് സജി കൊല്ലം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നയ്ക്കൽ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, ഭൂസമരസമിതി സംസ്ഥാന കോ-ഓഡിനേറ്റർ ഷഫീഖ് ചോഴിയക്കോട്, അനീഷ് പാറമ്പുഴ തുടങ്ങിയവർ അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എസ്. ഇർഷാദ് സമാപനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ നന്ദിയും പറഞ്ഞു.


 

Latest News