ലാത്തൂര്‍- രണ്ടര വര്‍ഷമായി ഗ്രാമസഭ നടത്താത്തതില്‍ ക്ഷുഭിതരായ ഗ്രാമീണര്‍ സര്‍പഞ്ചിനെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ടു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം.
ഗ്രാമങ്ങളിലെ പ്രശ്‌നങ്ങളും വിവിധ വികസന പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ ഗ്രാമസഭകള്‍ നിര്‍ബന്ധമായും നടത്തണമെന്നാണ് സര്‍ക്കാര്‍ ചട്ടം. കട്ഗാവ് ഗ്രാമത്തിലെ സര്‍പഞ്ച് ദത്ത ഗെയ്ക്‌വാദ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഗ്രാമസഭ സംഘടിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പ്രാദേശിക ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് വിശാല്‍ ഷിന്‍ഡെ പറഞ്ഞു.
വ്യാഴാഴ്ച ഗ്രാമസഭ നടത്താമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ഗെയ്ക്‌വാദിനെ ഒരു മണിക്കൂറിനുശേഷം വിട്ടയച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗ്രാമസഭ നടത്താത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥരും സര്‍പഞ്ചും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ തുക്കാറാം ഭാല്‍കെ പറഞ്ഞു.