മൊറാദാബാദ്- ലൈംഗികാതിക്രമത്തെ കുറിച്ച് വീമ്പിളക്കുന്ന ഓഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.
ബലാത്സംഗം ചെയ്ത 22 കാരന് താന്‍ ചെയ്ത ലൈംഗികാതിക്രമത്തെക്കുറിച്ച് വീമ്പിളക്കുന്ന ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ 16 കാരിയാണ് ആത്മഹത്യ ചെയ്തത്.
പെണ്‍കുട്ടിയും പ്രതിയും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. സാമൂഹിക അവഹേളനം ഭയന്ന് മരിച്ച പെണ്‍കുട്ടിയും കുടുംബവും പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓഗസ്റ്റ് 23 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ട് ദിവസം മുമ്പ്, സഹോദരി ദുരനുഭവം വിവരിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു. പ്രതിക്കെതിരെ പോലീസ് എത്രയും വേഗം കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോനക്പൂര് പോലീസ് സ്റ്റേഷനു കീഴിലുള്ള പ്രദേശത്തായിരുന്നു ബലാത്സംഗം.
പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം തകര്‍ന്നുവീഴാറായ വീട്ടിലാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളും അവളുടെ ജ്യേഷ്ഠനും ദിവസക്കൂലിക്കാരാണ്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത് നിര്‍ത്തിയതായും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ദല്‍ഹിയിലേക്ക് മാറിയ പ്രതി അവിടെനിന്ന് ഗ്രാമത്തിലുള്ള സുഹൃത്തിനെ വിളിച്ച് സംഭവം പങ്കുവെച്ചതോടെയാണ് ബലാത്സംഗം പുറത്തറിയുന്നത്. സുഹൃത്ത് തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് പ്രതിക്ക് മനസ്സിലായിരുന്നില്ല. പിന്നീട്, സുഹൃത്ത് ഗ്രാമത്തിലെ എല്ലാ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഓഡിയോ ക്ലിപ്പ് പങ്കുവെച്ചു.
ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അഡീഷണല്‍ എസ്പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു.






