'ആസേതുഹിമാചലം' എന്ന മലയാളം എടുത്ത് ദേശീയ (മുൻ) പാർട്ടിയുടെ ഹൈക്കമാൻഡിനു മുന്നിൽ ആരോ വീശിക്കാണിച്ചു. അങ്ങനെ ഓണത്തലേന്ന്, ച്ചാൽ, ഉത്രാട നാളിൽ കന്യാകുമാരി മുനമ്പിൽനിന്ന് 'ഭാരത് ജോഡോ' ആരംഭത്തിനു പതാക വീശാൻ തീരുമാനമായി. 'മുനമ്പാണ്' സൂക്ഷിക്കണം. കാലു തെന്നിയാൽ വെള്ളത്തിലാണ് പിന്നെ സ്ഥാനം. പാർട്ടി കുറേക്കാലമായി വെള്ളത്തിൽ കിടന്നു കൈകാലിട്ടടിക്കുകയാണ്. പരിഹസിക്കുന്ന ശീലമുള്ള പിണറായി സഖാവിനറിയില്ല, നീന്താൻ പഠിക്കുന്ന വിവരം. കന്യാകുമാരി തമിഴ്‌നാടിനു സ്വന്തം. ആകയാൽ ഒരു ജോ ഡോക്കു രണ്ടു പക്ഷി! രണ്ടു സംസ്ഥാനങ്ങൾ കടന്നു മുന്നേറി എന്നു ഭാവി ചരിത്രം രേഖപ്പെടുത്തിക്കൊള്ളും. മുല്ലപ്പെരിയാറിലെ സൗജന്യ നദീജലത്തോടു പോലും തോന്നാത്ത ആവേശം മുതലമൈച്ചർ സ്റ്റാലിൻ സഖാവിന് രാഹുലന്റെ ഭാരത യാത്രയോടുണ്ട്. കേരളം വഴിയാകുമ്പോൾ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് ഒന്നെത്തിനോക്കി എന്ന് രാഹുലന് ആശ്വസിക്കുകയും ചെയ്യാം. മുമ്പ് കൽപറ്റയിൽ ചെന്നപ്പോഴും ഉഴുന്നുവടക്കു പകരം 'ചിക്കൻ ബെർഗർ' കഴിച്ചതായി വാട്‌സ്ആപ് വഴി ട്രോളന്മാർ വധശ്രമം നടത്തിയിരുന്നു. അവർക്കറിയില്ല അതിന്റെ ടേസ്റ്റ് എന്നാണ് അസൂയക്ക് ഉത്തരം.
'ജോഡോ' കാറിലാണോ കാരവനിലാണോ അതോ പഴയ 'ജഡ്ക'യിലാണോ എന്ന് നറുക്കിട്ടെടുക്കണം യാത്ര മുന്നേറുമ്പോൾ സൂക്ഷിക്കണം; തൃശൂരിലെത്തുമ്പോൾ അംഗരക്ഷകരുടെ എണ്ണം വർധിപ്പിക്കാൻ മടിക്കേണ്ടതില്ല. അവിടെങ്ങും ഭീകരനും തീവ്രവാദിയുമൊന്നുമില്ല; പക്ഷേ കോൺഗ്രസുകാരുണ്ടെന്നാണറിവ്. 'ചൊറിഞ്ഞു പുണ്ണു'ണ്ടാക്കുന്ന വിദ്യ അവിടെ വി.ഡി. സതീശനാശാൻ പ്രയോഗിച്ചാൽ പിന്നെ ജില്ല മൊത്തം കൊടുങ്കാറ്റിൽ ഇളകിയാടുകയാണ്! മണവും ഗുണവുമില്ലെങ്കിലും ഏതു പാത്രത്തിലും പകരാവുന്ന സൗകര്യമുള്ള ഒരു കുന്നശ്ശേരിയാണ് ജില്ല പ്രസിഡന്റ്. ആശാൻ, ഗുരു (സുധാകര ഗുരു) അറിയാതെ ഒരു വിൻസെന്റിന്റെ പേരെഴുതി ഒട്ടിച്ചു. പോരേ പൂരം? ഉറങ്ങിക്കിടന്ന വേതാളങ്ങളെല്ലാം ഇപ്പോൾ അറ്റൻഷനും മുന്നോട്ടു 'മാർച്ചു'മായി 'ലൈവും' ഗ്രൂപ്പ് സന്ദേശങ്ങൾ 'വൈറലു'മായി അടിച്ചു പൊളിക്കുന്നു. അങ്ങനെ ഉമ്മൻ ചാണ്ടി - ചെന്നിത്തല ഗ്രൂപ്പുകൾ ഇങ്ങിനി വരാത്ത വണ്ണം അസ്തമിക്കുകയും പുത്തൻ തലുറ ഗ്രൂപ്പുകൾ ഉദിക്കുകയും ചെയ്തിരിക്കുന്നു. രാഹുലൻ കന്യാകുമാരി ടു കശ്മീർ ഹിന്ദിയിൽ വിവർത്തനം ചെയ്ത പുതിയ യാത്രക്കു മുമ്പ് ഇക്കാര്യം അറിയുന്നതു നന്ന്. പാർട്ടി പഴയ 'ജനസമുദ്ര'മാണെങ്കിലും നിൽക്കുന്നത് കടൽക്കരയിലാണ്. പിന്നിൽ ജനം ഇല്ലെങ്കിലും സമുദ്രമുണ്ട്. 'ത്രിവേണി സംഗമം' എന്നൊരു അപരനാമം കൂടിയുണ്ട് മേൽപടി മുനമ്പിന്. വീണാൽ രണ്ടു സമുദ്രങ്ങളുടെ ലയനം എന്നു പറഞ്ഞു പിണറായി സഖാവ് വീണ്ടും പരിഹസിക്കുവാൻ തുടങ്ങും. ശശി തരൂരിന്റെ പ്രതിഛായയെ വെല്ലാനാണ് മമ്മിയുടെയും മകന്റെയും നോട്ടമെങ്കിൽ, സഹതപിക്കണോ, ആശംസിക്കണോ എന്ന ചിന്താക്കുഴപ്പത്തിലാണ് നിരീക്ഷകർ.
*** * **** ****
'ശാന്തസുന്ദര കോമള' പദങ്ങളാൽ പ്രതികരിക്കുന്നതിൽ കോടിയേരി സഖാവിനെ വെല്ലാൻ മറ്റൊരു നേതാവിനെ സമീപകാല ചരിത്രത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കഴിയില്ല. പ്രത്യയശാസ്ത്ര തീക്കനലിന്റെ ചൂട് അടുത്തവർക്കേ അറിയൂ. സഖാവ് കേരളീയരെ ഒന്നായി കാണാൻ കൊതിച്ചു. സംസ്ഥാന സെക്രട്ടറിയായതിന്റെ തലേന്നു മുതൽക്കേ തുടങ്ങിയെന്നു പറയണം. അതിന്റെ ഫലപ്രാപ്തി കണ്ടുതുടങ്ങി. 'ഇവിടുത്തെപ്പോലെ അവിടെയും' സൗഖ്യമെന്നു കരുതുന്നു എന്ന് സാധാരണ കത്തുകളിൽ അവസാനിപ്പിക്കുന്നതു പോലെ സഖാവ് സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴേക്കും കണ്ണൂരും തിരുവനന്തപുരവും ഒന്നുപോലെയായി.
ഔപചാരികമായി അതിനൊരു ചടങ്ങു സംഘടിപ്പിച്ചില്ലെന്നേയുള്ളൂ. വടക്ക് കത്തിക്കുത്തും ബോംബേറുമെങ്കിൽ തെക്ക് എ.കെ.ജി സെന്ററിനു നേർക്കു ഏറുപടക്കവും പന്നിപ്പടക്കവും! വിശ്വാസം വരാത്തവർക്കായി ജില്ല കമ്മിറ്റിയാപ്പീസിനും ആനാവൂർ സഖാവിന്റെ വീടിനും തുടർ ആക്രമണം! അവക്കൊക്കെ വിദഗ്ധ അന്വേഷണത്തിനായി ഒരു ജയരാജൻ സഖാവിനെ ഇടതുമുന്നണി കൺവീനറാക്കി തലസ്ഥാനത്തു തന്നെ പ്രതിഷ്ഠ ഉറപ്പിച്ചു. ചോരച്ചെങ്കതിരോനായ മറ്റൊരു ജയരാജൻ സഖാവ് ഖാദി ബോർഡിലെ വൈസ് ചെയർമാന്റെ ഖദർഷാൾ പുതച്ച ശേഷം അധികം മിണ്ടാട്ടമില്ല.
മനംമാറ്റമുണ്ടായി ഗാന്ധിമാർഗം സ്വീകരിച്ചുകളയുമോ എന്നു ശങ്കിക്കണം. ഏതായാലും കോടിയേരി തന്റെ കസേരയും മേശയും മറ്റൊരു വിദഗ്ധ അധ്യാപകനെ ഏൽപിച്ചാണ് പിരിഞ്ഞതെന്ന കാര്യം ആശ്വാസമേകുന്നു. എം.വി. ഗോവിന്ദൻ മാസ്റ്റർ നല്ലൊരു കായികാധ്യാപകനായിരുന്നു. അധ്വാനം പോരെന്നു തോന്നിയിട്ടാണ് പാർട്ടി രാഷ്ട്രീയത്തിന്റെ ഗോദയിൽ എടുത്തു ചാടിയത്. സഖാവ് ഒരേ സമയം ശുണ്ഠിക്കാരനും നയകോവിദനുമാണെന്ന് ചില മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നു. അതിന്റെ 'ഗുട്ടൻസ്' പിടികിട്ടുന്നില്ല. യുവതികളെ മലകയറ്റുന്നതിന് സഖാവിന്റെ പ്രസ്താവന ചെയ്ത ഗുണം മുമ്പു കണ്ടതാണ്. അതൊരു 'കമ്യൂണിസ്റ്റുകാരന്റെ കടമയാണ്' എന്നു വരെ പ്രസ്താവിച്ചു കളഞ്ഞു! യെച്ചൂരി പോലും ദില്ലിയിലായിരുന്നു. ഞെട്ടി എന്നാണ് അക്കാലത്തെ വാർത്ത.
'പാർട്ടി ആലോചിച്ചിട്ടില്ല' എന്നു സഖാവ് പറഞ്ഞാൽ, അച്ചട്ടാണ്, ഇരുപത്തിനാലു മണിക്കറിനകം കാര്യം നടപ്പിലായിരിക്കും. മന്ത്രി , സ്പീക്കർ നിയമനങ്ങൾ ദൃഷ്ടാന്തം! ഇ.എം.എസ് സ്റ്റെഡി സെന്ററിൽ സഖാക്കളുടെയും കുട്ടികളുടെയും അഡ്മിഷൻ തിരക്കായതിനാലാണ് 'എം.എ. ബേബി ഗുരു' തഴയപ്പെട്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പുതിയ 'സൈദ്ധാന്തിക സെക്രട്ടറി' ആയതെന്നും ശ്രുതിയുണ്ട്. കൂടുതൽ അപവാദങ്ങൾ കേൾപ്പിക്കാതിരുന്നാൽ മതി. യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡന്റ് ചരിത്ര പ്രസിദ്ധമായ 'മൊറാഴ കൊലക്കേസിന്റെ നാട്ടുകാരനുമാണ്. ആവേശം ഉപേക്ഷിച്ച് സൈദ്ധാന്തികനായി കഴിഞ്ഞാൽ 'ശുണ്ഠി' നിയന്ത്രിക്കാം. പാർട്ടി ജീവിക്കാം.
**** **** ****
രാഷ്ട്രീയ ലോകമാണ് യഥാർഥ നാടകവേദി. ഷേക്‌സ്പിയറും ബെർണാഡ്ഷായുമൊന്നും അതു മുൻകൂട്ടി കണ്ടില്ല. 1972 ൽ കെ.എസ്.യു രൂപീകരിക്കാൻ തലസ്ഥാനത്തെ ഒരു കോളേജിൽ ചെന്നതും തല്ലുകൊണ്ടതും അതിന്റെ 'പാടു'പോലെ തന്നെ മായാതെ എം.എം. ഹസൻ ഓർക്കുന്നു. അതുകൊണ്ടു തമ്മിൽ തല്ലിയവരുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. നന്ദികേടായിപ്പോയി അതെന്നു പറയാതെ തരമില്ല. യൂനിവേഴ്‌സിറ്റി കോളേജിന്റെ രണ്ടാം നിലയിൽനിന്നു എടുത്തു ചാടിയ ചെറിയാൻ ഫിലിപ്പ് (തൽഫലമായി?) ഇന്നു അവിവാഹിതനായി നാട്ടിലുണ്ട്. കെ.എസ്.യുവിനു വേണ്ടി മാർ ഇവാനിയോസ് കോളേജിലെ 'പാലാ'ക്കാരുടെ ഇടി മാറത്ത് ഏറ്റുവാങ്ങിയ നീലലോഹിതദാസുമുണ്ട്. ങേഹേ! അവരൊന്നും 'ഫോട്ടോ'യിലില്ല. കൂട്ടത്തല്ലുകാരുടെ കൂട്ടായ്മ (പ്രയോഗം തെറ്റ്. പ്രൊഫ. എം. കൃഷ്ണൻ നായർ ജീവിച്ചിരിപ്പില്ല, ഭാഗ്യം) കൊണ്ടു ഒരു ഗുണമുണ്ടായി; യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനാ#െണന്നു ഒന്നുംകൂടി തെളിഞ്ഞു. ഒത്തുചേർന്നവർ ഭാവിയിലും ഒരുമിച്ചേക്കാം. അവർക്കു മറ്റൊന്നും രാഷ്ട്രീയത്തിൽ ഇനി ചെയ്യാനില്ല; പ്രഭാത സവാരിക്കാണെങ്കിൽ മ്യൂസിയം ഗേറ്റ് തുറന്നു കിടക്കുന്നുമുണ്ട്.
**** **** ****
കേരളത്തിൽ ബി.ജെ.പി സർക്കാർ വന്നാൽ ഡബിൾ എൻജിൻ ഘടിപ്പിച്ച ഭരണമായിരിക്കുമെന്നു കെ. സുരേന്ദ്രൻ പ്രസ്താവിച്ചത്, മോഡിജിയുടെയും ഷാജിയുടെയും ഫോട്ടോസ്റ്റാറ്റ് മാത്രമാണെന്ന് ആർക്കുമറിയാം. 'കുഴൽപണ വേട്ട' മരവിച്ചതോടെ ഇടതുമുന്നണിയുടെ പിന്നിൽ വടക്കോട്ടു നോക്കി ഒരു എൻജിൻ ഘടിപ്പിച്ചത് കേന്ദ്ര ഭരണപ്പാർട്ടിയാണെന്ന് അറിയാത്തവരില്ല. ഇ.ഡി. കേസ്, ലാവ്‌ലിൻ കേസ്, ബിരിയാണി ചെമ്പ് തുടങ്ങിയ സ്റ്റേഷനുകളിലൊക്കെ നിർത്തിയും ആരെയോ കാത്തുനിന്നുമാണ് ഈ പുതിയ ഓട്ടം. ഇരട്ട എൻജിൻ എന്നേ ഘടിപ്പിച്ചു കഴിഞ്ഞു. വണ്ടി രാജീവ് ഗാന്ധി ബയോടെക് സെന്ററിലേക്കു പോകുന്നതു കാണാം; കെ. സുരേന്ദ്രന്റെ മകനെയും വഹിച്ചുകൊണ്ട്. പയ്യന് അവിടെ ഉദ്യോഗം തരപ്പെട്ടു. ഹാവൂ!
**** **** ****
ഇ.എസ്. ബിജിമോളുടെ ശാപം ഏൽക്കാതെ ഇടുക്കിയിലെ കൊച്ചേട്ടൻ പാർട്ടി സൂക്ഷിക്കണം. ഏതൊരു എതിരാളിയെയും നേരിടുവാൻ കെൽപുള്ള മോളെയാണ് പുരുഷ മേധാവികൾ പിന്നിൽ നിന്നു കുത്തിയത്. ജില്ല സെക്രട്ടറിയാകേണ്ടതായിരുന്നു. കാനം രാജേന്ദ്രൻ മാത്രം പിന്തുണച്ചിട്ടു കാര്യമില്ല. ജയിക്കണമെങ്കിൽ മറ്റു പുരുഷന്മാരും കനിയണം. അതാണ് നിലവിലെ ലോക വ്യവസ്ഥിതി. ഒരിടത്തും അതു മാറുന്ന ലക്ഷണമില്ല.