Sorry, you need to enable JavaScript to visit this website.

വലിയപറമ്പിന്റെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമായി സ്ട്രീറ്റ് ടൂറിസം പദ്ധതി

കടലും കായലും അതിരിടുന്ന ഭൂപ്രകൃതി. ഒരിക്കലെത്തിയാൽ ആരെയും കൊതിപ്പിക്കുന്ന ഗ്രാമ്യ ഭംഗി. വലിയപറമ്പ് പഞ്ചായത്തിന്റെ ടൂറിസം വികസന രംഗത്തെ ആദ്യ ചുവടുവെപ്പാകുകയാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയിലൂടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിക്കുകയാണ് വലിയപറമ്പ് ഗ്രാമപഞ്ചായത്തും. കേരളത്തിലെ  941 പഞ്ചായത്തുകളിൽ നിന്നും 10 പഞ്ചായത്തുകളെയാണ് ടൂറിസം സ്ട്രീറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. കാസർകോട് ജില്ലയിൽ നിന്നുള്ള ഏക പഞ്ചായത്താണ് വലിയപറമ്പ്.
ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്ര സഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. സസ്റ്റൈനബിൾ (സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന), റെസ്പോൺസിബിൾ (ഉത്തരവാദിത്തമുള്ള), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ), എത്നിക് (പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും തൊട്ടറിയാനാവുന്നതുമായ  തെരുവുകൾ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്‌നിക് ക്യുസീൻ/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്/ എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെയാണ് തെരുവുകൾ ഒരുക്കുന്നത്. കുറഞ്ഞത് മൂന്ന് തെരുവുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും നടപ്പാക്കും. 
നാളിതുവരെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും എന്നാൽ ഭാവിയിലേക്ക് ഉയർത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങൾ, അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാൽ വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കുന്നതും അവരുടെ താമസ ദൈർഘ്യം വർധിപ്പിക്കുന്നതുമായ പ്രദേശങ്ങൾ വളർത്തിയെടുക്കുന്നതാണ് പദ്ധതി. നാല് വർഷമാണ് പദ്ധതി നിർവഹണ കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുത്താനാകുന്ന തദ്ദേശീയ യൂനിറ്റുകൾ എല്ലാ തൊഴിൽ മേഖലയിലും വരും. ഇതോടെ ടൂറിസം വഴി ഉണ്ടാകുന്ന വരുമാനത്തിന്റെ ഒരു പങ്ക് പഞ്ചായത്തിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ലഭിക്കും. കടലും കായലും കൃഷിയും ജൈവ വൈവിധ്യങ്ങളാലും നിറഞ്ഞു നിൽക്കുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ സാധ്യതകൾ ലോകമെമ്പാടും എത്തിക്കാൻ പദ്ധതി വഴി സാധിക്കും. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള, അറിയപ്പെടാത്ത പ്രാദേശിക കേന്ദ്രങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ കഴിയും. വലിയപറമ്പിന്റെ വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്കും കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി. സജീവൻ പറഞ്ഞു. നാടിന്റെ തനിമ സഞ്ചാരികൾക്ക് പകർന്നു നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതി ഉപകരിക്കും. പുതിയ ടൂറിസം സംസ്‌കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി സ്ട്രീറ്റ് ടൂറിസം അവബോധ ശിൽപശാലകളും മറ്റുമായി ജനകീയ പങ്കാളിത്തത്തോടെയുള്ള സ്ട്രീറ്റ്  ടൂറിസം ആസൂത്രണത്തിനായുള്ള പരിപാടികളിലേക്ക് വലിയപറമ്പ് പഞ്ചായത്ത് കടക്കുകയാണ്. 
അടുത്ത മാസത്തോടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് യോഗം ചേർന്ന് ജനകീയ സമിതിക്ക് രൂപം നൽകാൻ ഭരണ സമിതി തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി കോട്ടയം കുമരകത്ത് നടന്ന പരിശീലന ക്ലാസിൽ പ്രസിഡന്റ് വി.വി. സജീവനും സെക്രട്ടറി വിനോദ് കുമാറും വികസന സ്ഥിരം സമിതി ചെയർമാൻ ഖാദർ പാണ്ഡ്യാലയും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. കരുണാകരനും അടങ്ങുന്ന സംഘം പങ്കെടുത്തിരുന്നു.

Latest News