Sorry, you need to enable JavaScript to visit this website.

ഓണത്തിന് നാട്ടിലെത്താൻ മറുനാടൻ മലയാളിക്ക് കഴുത്തറുപ്പൻ നിരക്ക്

ഓണക്കാലമായി, കേരളത്തിലോടുന്ന ട്രെയിനുകളിലെല്ലാം നിറഞ്ഞു കവിഞ്ഞ് യാത്രക്കാരാണ്. സ്‌പെഷ്യൽ ട്രെയിൻ ബംഗളൂരുവിൽ നിന്ന് തുടങ്ങിയത് കൊല്ലം, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിലേക്ക്. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെത്താൻ ആഗ്രഹമുള്ളവവരെ പിഴിയാൻ കാത്തിരിക്കുകയാണ് സ്വകാര്യ ബസ് സർവീസുകാർ. 
കോഴിക്കോട്, കണ്ണൂർ, തലശ്ശേരി നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് നിരക്കിലും കൂടുതൽ ഈടാക്കുന്ന സ്വകാര്യ ബസുകളുണ്ട്. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്. ഉൽസവ കാലങ്ങളിൽ നിരക്ക് വർധന പതിവാണെങ്കിലും കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 
ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബംഗളൂരു മലയാളികൾ. നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളിൽ നിന്ന് കൊള്ളലാഭമാണ് സ്വകാര്യ ബസുകൾ കൊയ്യുന്നത്. ഈ മാസം ആറിന് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേ ദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലാണ് റേറ്റ്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളിലും കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള. 
ഉൽസവ കാലങ്ങളിലെ തോന്നും പോലുള്ള ടിക്കറ്റ് നിരക്കുയർത്തൽ നിയന്ത്രിക്കണമെന്നത് ബംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുകയും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്നും ആവശ്യമുണ്ട്. 
അതേസമയം ഹൈദരാബാദ് ഉൾപ്പെടെയുളള മറ്റു നഗരങ്ങളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് 3000 രൂപയിൽ ഏറെ തുകയാണ് ഈടാക്കുന്നത്. നിലവിൽ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ശബരി എക്‌സ്പ്രസ് മാത്രമാണ് ഉള്ളത്. ഓണക്കാലത്ത് ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതായതോടെ സാധാരണക്കാർ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. 
ഈ ഘട്ടത്തിലാണ് ബസ് ചാർജിലെ നിരക്ക് വർധന. ട്രെയിനിന് സ്ലീപ്പറിന് 590 രൂപയും തേഡ്  എസി 1580 രൂപയും ഈടാക്കുമ്പോഴാണ് ബസിന് 3500 ഓളം രൂപ ടിക്കറ്റിന് വാങ്ങുന്നത്. ചെന്നൈക്കും മംഗളൂരുവിനുമിടയിൽ ഓണം സ്‌പെഷ്യൽ ഫെയർ ട്രെയിനുണ്ട്. 
പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, വടകര, തലശ്ശേരി, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുമുണ്ട്. മലബാറിലെ പട്ടണങ്ങളിൽ അർധരാത്രി കഴിഞ്ഞാണ് ഈ തീവണ്ടി എത്തുന്നത്. എന്നാലും തിരക്കിന് ഒട്ടും കുറവില്ല. ബംഗളൂരു യശ്വന്ത്പൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ അനുവദിച്ചത് കൊല്ലം എം.പി പ്രേമചന്ദ്രൻ നേരത്തേ കാലത്തെ ഗൃഹപാഠം നടത്തിയതിന്റെ ഫലമായാണ്. മലബാറിലെ എം.പിമാരെല്ലാം നിഷ്‌ക്രിയരായതിന്റെ ദുരിതമാണ്  നാട്ടുകാർ അനുഭവിക്കുന്നത്. യാഥാർഥ്യം ഇതാണെങ്കിലും മലബാറിന്റെ ആസ്ഥാന നഗരത്തിലെ എം.പി പത്രത്തിന്റെ ലോക്കൽ പേജിൽ സിംഗിൾ കോളം വാർത്ത വരുത്തിയാണ് സായൂജ്യം അടഞ്ഞത്. കോരപ്പുഴക്ക് അപ്പുറം ഒരു മനുഷ്യനും കാണാനിടയില്ലാത്ത പേജിലെ വാർത്തയിൽ കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് എം.പി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്ന മറുനാടൻ മലയാളിയുടെ പഴ്‌സ് കാലിയാവുമെന്ന് ഉറപ്പ്. 

Latest News