Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ഇന്ത്യയുടെ വൈവിധ്യം തേടി മോപ്പഡിൽ

മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പിലെ വീട്ടിലിരുന്ന് ചെറുപ്പത്തിലേ നെയ്‌തെടുത്ത സ്വപ്‌നമായിരുന്നു റ്റു വീലറിൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ആത്മാവ് തേടി കറങ്ങുകയെന്നത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ വേളയിൽ ഇത് യാഥാർഥ്യമാക്കാനായതിൽ എല്ലാവരോടും കടപ്പാടുണ്ട്. പ്രത്യേകിച്ച് അധ്യാപകരോടും സഹപാഠികളോടും കുടുംബാംഗങ്ങളോടും മറ്റും. 78 ദിവസമെടുത്താണ് പര്യടനം പൂർത്തിയാക്കിയത്. ഈ വർഷം മെയ് 15 മുതൽ ഓഗസ്റ്റ് ഒന്നു വരെ നീണ്ടുനിന്നതായിരുന്നു ഇരു രാജ്യങ്ങളുടെയും ആത്മാവ് തേടിയുള്ള പ്രയാണം. 
ഇന്ത്യയും നേപ്പാളും കാണാനായി തെരഞ്ഞെടുത്തത് ലൂനയെന്ന് വിളിപ്പേരുള്ള ടിവിഎസ് മോപ്പഡ് എക്‌സെൽ 100 വാഹനമാണ്. ബിരുദ പഠനം പൂർത്തിയായ വേളയിലായിരുന്നു ഇത്. വിസ്തൃതമായ ഇന്ത്യയും നേപ്പാളും കാണാൻ ഇരുചക്ര വാഹനത്തിൽ പുറപ്പെടുമ്പോൾ വിപുലമായ തയാറെടുപ്പ് നടത്തേണ്ടിയിരുന്നു. യാത്രക്കിടെ വിശ്രമിക്കാൻ ടെന്റും സ്ലീപ്പിംഗ് ഉപകരണങ്ങളടങ്ങിയ ബാഗും കരുതി. യാത്ര പദ്ധതി ആദ്യമേ തയാറാക്കി. 
കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങൾ കറങ്ങിയ ശേഷം പശ്ചിമ ബംഗാൾ വഴി കേരളത്തിലേക്ക് മടക്കം. ആദ്യ നാളുകളിൽ എത്തിപ്പെടുന്ന സ്ഥലങ്ങളിലെ പ്രകൃതി ഭംഗിയാണ് ഏറെ ആകർഷകമായി അനുഭവപ്പെട്ടത്. രാജസ്ഥാൻ മരുഭൂമി, മഞ്ഞണിഞ്ഞ ഹിമാലയം, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടൽ തീരം, വനങ്ങൾ, തടാകങ്ങൾ അങ്ങനെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന എത്രയെത്ര ദൃശ്യങ്ങൾ! ഇത്തരം കാഴ്ചകളുടെ ഫോട്ടോയും വീഡിയോയും പരമാവധി ശേഖരിക്കുന്നതിലായി  തുടക്കത്തിൽ ശ്രദ്ധ. ഏറെ വൈകാതെ തിരിച്ചറിവുണ്ടായി. മനഃശാസ്ത്ര വിദ്യാർഥിയായ എനിക്ക് പ്രൊഫഷണലായും പ്രയോജനപ്പെടുന്ന വിധത്തിൽ യാത്രയെ മാറ്റിയത് അങ്ങനെയാണ്. ഓരോ പ്രദേശത്തെയും അനുഭവങ്ങൾ അടുത്തറിയുന്നതിലായി തുടർന്നുള്ള കൗതുകം. എല്ലാ അനുഭവങ്ങളും അത്ര തന്നെ ആഹ്ലാദകരമായിരുന്നില്ല. കയ്പും മധുരവും അടുത്തറിഞ്ഞ പ്രയാണം. വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ ജീവിത രീതി മനസ്സിലാക്കി. ഇന്ത്യയെന്ന വിസ്തൃത രാജ്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത തന്നെ വൈവിധ്യം നിറഞ്ഞ ഭൂപ്രദേശമാണെന്നതാണല്ലോ. ജീവിത രീതി, ഭാഷ, ആചാരം, മതം, കാലാവസ്ഥ എല്ലാം തികച്ചും വിഭിന്നമായത്. ഇതിനെ കുറിച്ചെല്ലാം ആഴത്തിൽ മനസ്സിലാക്കാനായെന്നതാണ് ഈ യാത്രയുടെ ഏറ്റവും പ്രധാന നേട്ടം.  ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ, ബുദ്ധ, ജൈന, സിക്ക് മത വിഭാഗക്കാരെയെല്ലാം ഇതിനിടക്ക് കാണാനായി. സൈക്കോളജി പഠനത്തിന് ഉപകരിക്കും വിധം ഇവരുടെ ജീവിത രീതി ആഴത്തിൽ അപഗ്രഥിക്കാനായി. മന്ദിറുകൾ, ആശ്രമങ്ങൾ, ധർമശാലകൾ, മസ്ജിദുകൾ, ദർഗകൾ, ഗുരുദ്വാരകൾ, സന്നന്യാസി മഠങ്ങൾ എന്നിവിടങ്ങളിൽ രാപ്പാർത്ത് പ്രത്യേകതകൾ തിരിച്ചറിഞ്ഞു. ലഡാക്കിലെയും  മസൂറിയിലെയും തണുപ്പിൽ കണ്ടുമുട്ടിയവർ പകർന്നു തന്ന ചായയുടെ ഊഷ്മളത ഒന്നു വേറെ തന്നെ. മസൂറിയിലെ കച്ചവടക്കാരന്റെ ആതിഥേയത്വം സ്വീകരിച്ച് ഒരു നാൾ വീട്ടിൽ കഴിഞ്ഞത് അവിസ്മരണീയ അനുഭവമായിരുന്നു. ലഡാക്കിലും കശ്മീരിലും സൈനിക ഉദ്യോഗസ്ഥർ ബേസ് ക്യാമ്പുകളിൽ തങ്ങാൻ ക്ഷണിച്ചതും ആഹ്ലാദം പകർന്നു. എന്നാൽ അത്ര തന്നെ സന്തോഷകരമല്ലാത്ത കാഴ്ചകളും വഴിയിൽ കണ്ടു. രാജസ്ഥാനിലെ കൂട്ടിയിട്ട മാർബിൾ മാലിന്യവും ദേശീയ പാതയിൽ പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷിക്കുന്ന പശുവും ഹൃദയസ്പർശിയായ ദൃശ്യങ്ങളായിരുന്നു. ഒരു ചത്ത പശുവിന്റെ വശത്തിരുന്നാണ് മറ്റൊരു പശു പ്ലാസ്റ്റിക് ഭുജിച്ചിരുന്നത്. മനോഹര കാഴ്ചകൾ ഇന്ത്യയെയും നേപ്പാളിനെയും മനോഹരമാക്കുന്നു. എന്നാൽ ദാരിദ്ര്യം, കഷ്ടപ്പാട്, പരിസ്ഥിതി മലിനീകരണം എന്നിവയുടേതായ മറുവശവുമുണ്ട്. യാത്രയിൽ മനസ്സിനെ സ്വാധീനിച്ച ഒരു വസ്തുത സ്‌നേഹമെന്ന വികാരമാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നുവെന്നതാണ്. എല്ലായിടത്തും സ്‌നേഹമുള്ള മനുഷ്യരാണുള്ളത്. ഓരോ നൂറ് കിലോമീറ്റർ പിന്നിടുമ്പോഴും സ്‌നേഹ പ്രകടനങ്ങളിൽ മാറ്റം വരുന്നു. അവരുടെ നയനങ്ങളിലും ഭാവങ്ങളിലും ഈ മാറ്റം പ്രകടമാണ്. 

Latest News