അബ്ദുള്‍ റഷീദിനെ ഐ.പി.എസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുന്‍ ക്രൈംബ്രാഞ്ച് എസ്പി എന്‍. അബ്ദുള്‍ റഷീദിനെ ഐ.പി.എസ് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. അബ്ദുള്‍ റഷീദിന്റെ  ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തി നിരവധി പരാതികള്‍ ലഭിച്ചതോടെ ഫയലില്‍ ഒപ്പ് വയക്കാതെ യു.പി.എസ്.സി ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനക്ക് അയച്ചു.

അന്തിമ വിജ്ഞാപനത്തില്‍ തീരുമാനം എടുക്കേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അബ്ദുള്‍ റഷീദിനായി ചരടുവലിക്കുന്നത് മുന്‍ ഡി.ജി.പിയും ഹോം സെക്രട്ടറിയുമാണെന്നാണ് ആക്ഷേപം. അബ്ദുള്‍ റഷീദിനെ ഐ.എ.എസ് പരിഗണനാ പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ നിരവധി പരാതികളും യു.പി.എസ്.സി ചെയര്‍മാന് ലഭിച്ചിരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് തര്‍ക്കത്തിലായ സെലക്ഷന്‍ ലിസ്റ്റ് കൂടിയാണിത്. ഇതോടെ ഫയലില്‍ ഒപ്പുവയ്ക്കാന്‍ യു.പി.എസ്.സി ചെയര്‍മാന്‍ മടിച്ചു. ഒടുവില്‍ അന്തിമ വിജ്ഞാപനത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ഫയല്‍ കൈമാറി.

ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ഓഫീസറെ ഐ.പി.എസ് ലിസ്റ്റില്‍ തിരികെ കയറ്റാനുള്ള കളിയുടെ ഫലമായി അര്‍ഹതയുള്ള മറ്റ് 22 പേരാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

 

Latest News