മുംബൈ-അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ ലഗേജ് എടുത്തുവെക്കാൻ സഹയാത്രികയെ സഹായിക്കുന്ന ചിത്രം വൈറലായി. മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് നേതാവ് അമൻ ദുബെ ആണ് ചിത്രം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്ത് അധികം വൈകാതെ ചിത്രം വൈറലായി. കഴിഞ്ഞ തിങ്കളാഴ്ച രാഹുൽ ഗാന്ധി അഹമ്മദാബാദിലേക്ക് പോകുന്ന സമയത്ത് എടുത്ത ചിത്രമാണിത്. മുകളിലെ കാബിനിൽ ലഗേജ് വെക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീയെ രാഹുൽ ഗാന്ധി സഹായിക്കുന്ന ചിത്രമാണ് ദുബെ എടുത്തത്. ലഗേജ് എടുത്ത് കാബിനകത്തേക്ക് രാഹുൽ തള്ളുന്ന ചിത്രമാണിത്.
'രാഹുൽ ഗാന്ധി അഹമ്മദാബാദിലേക്ക് പറന്ന അതേ വിമാനത്തിലായിരുന്നു ഞാനും എന്നതും യാദൃശ്ചികമായിരുന്നു. ഒരു സ്ത്രീ യാത്രിക തന്റെ ലഗേജ് എടുത്തുവെക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് രാഹുൽ ഗാന്ധി അവരെ സഹായിച്ചു. പിന്നീട് ഞാൻ രാഹുൽജിയെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ലളിതമായ ജീവിതം ഞങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്നും മധ്യപ്രദേശ് കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.
സെപ്തംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പറന്നത്.
കോൺഗ്രസ് പാർട്ടി തലത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ കാൽനട ജാഥയാണിത്. 100-ലധികം കോൺഗ്രസ് നേതാക്കൾക്കൊപ്പം 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് രാഹുൽ ഗാന്ധി 3,570 കിലോമീറ്റർ യാത്ര നടത്തും. ബുധനാഴ്ച ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മാരകത്തിൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിലാണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുക. ബുധനാഴ്ച യാത്ര ആരംഭിക്കും. എന്നാൽ പദയാത്ര ഈ മാസം എട്ടിന് രാവിലെ 7 മണിക്ക് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കും. യാത്രയ്ക്കിടെ, പങ്കെടുക്കുന്നവർ റോഡിൽ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യും.






