കാസര്‍കോട് - മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് നൗഷാദിനെ പിടികൂടി നാട്ടുകാര്‍. കാഞ്ഞങ്ങാട്ടെ പടിഞ്ഞാറ് ഇട്ടമ്മല്‍ ബദര്‍ മസ്ജിദിന് സമീപം താമസിക്കുന്ന ജലാല്‍ മൊയ്തീന്റെ വീട്ടില്‍ പുലര്‍ച്ചെ കയറി മോഷണം നടത്തുന്നതിനിടെയാണ് 40 കാരനായ നൗഷാദ് പിടിയിലാകുന്നത്. പുലര്‍ച്ചെ 3.30 നാണ് സംഭവം നടന്നത്.
മൊയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരിയെടുക്കുന്നതിനിടെ കുട്ടി ബഹളംവെച്ചതോടെയാണ് മോഷണം വീട്ടുകാരറിയുന്നത്. ഇതോടെ നൗഷാദ് പുറത്തേക്കോടി. മൊയ്തീനും മക്കളും പിന്നാലെയോടി ചെന്നു. ഒരു കിലോമീറ്റര്‍ ദൂരം പിന്നാലെയോടിയാണ് പാലക്കാട് ജില്ലയില്‍ ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ചെര്‍പ്പുളശ്ശേരി ഏഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദിനെ പിടികൂടിയത്. ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പോലീസിന് കൈമാറിയത്. പ്രതി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
നൗഷാദ് ധരിച്ചിരുന്ന ഗ്ലൗസില്‍ നിന്ന് അഞ്ച് പവന്റെ പാദസരം കണ്ടെടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ മോഷണത്തിനാവശ്യമായ കമ്പിപ്പാര, ഉളി മുതലായ ആയുധങ്ങളും ഉണ്ടായിരുന്നു. പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രതിയുടെ ആരോഗ്യം ഭേദമായാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ ഇയാള്‍ക്ക് ഒന്നരക്കോടി വില വരുന്ന രണ്ട് വീടുകളുണ്ടെന്നാണ് വിവരം.