അമരാവതി- ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത യുവാവ് വായില്‍ ആസിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു.
നെല്ലൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 വയസ്സുകാരി അതിക്രമത്തിനിരയായത്.
പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ പെണ്‍കുട്ടി ശുചിമുറിയിലേക്ക് ഓടിക്കയറി അകത്ത് നിന്ന് പൂട്ടിയിരുന്നു. വാതില്‍ തകര്‍ത്താണ് യുവാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ് വായിലും മുഖത്തും ഒഴിച്ചു. പെണ്‍കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ അക്രമി കത്തികൊണ്ട് കഴുത്തറുത്ത ശേഷം രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ട അയല്‍വാസികള്‍ ജോലിക്ക് പോയ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രയിലെത്തിച്ച
പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതി നാഗരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്നാണ് വിവരം.
മറ്റു ചിലര്‍ പ്രതിയെ സഹായിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവം പ്രദേശത്ത് ജനരോഷത്തിന് കാരണമായി. കുറ്റവാളിയെ കഠിനമായി ശിക്ഷിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കൃഷി മന്ത്രി കക്കാനി ഗോവര്‍ദ്ധന്‍ റെഡ്ഡി ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു.
പ്രതിക്കെതിരെ ബലാത്സംഗശ്രമത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തതായി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കഠിനമായ ശിക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
നെല്ലൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ റാവുവും ആശുപത്രി സന്ദര്‍ശിച്ചു. പോലീസ് അന്വേഷണം നടത്തി വരികയാണെന്നും എല്ലാ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.






