ന്യൂദല്‍ഹി- കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ഹൈക്കോടതി ഉത്തരവ് ശരിവെക്കാനുളള സാധ്യത വര്‍ധിച്ചതായി നിയമവൃത്തങ്ങള്‍.
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ 23 ഹരജികളിലാണ് വാദം. കര്‍ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നതു പോലെയാണ് വാദം കേട്ട ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെയും ജസ്റ്റിസ് സുധാംഷു ധൂലിയയുടെയും നിരീക്ഷണം. മതം ആചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശം തടയുന്നില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് വാദിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് മിനിയും മിഡിയും ഉള്‍പ്പെടെ എന്തു വേണമെങ്കിലും ധരിച്ചുവരാമോ എന്ന് ബെഞ്ച് ചോദിച്ചു. ശിരോവസ്ത്രം അവകാശമാണെങ്കിലും യൂനിഫോം നിര്‍ദേശിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ മതപരമായ ആ അവകാശം വിനിയോഗിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച ജഡ്ജിമാര്‍ യൂനിഫോമില്‍ വരണമെന്ന് മാത്രമാണ് പറയുന്നതെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും പറഞ്ഞു.
ഡ്രസ് കോഡ് നിലവിലുള്ള സ്‌കൂളില്‍ ഹിജാബ് ധരിക്കാനുള്ള മതപരമായ സ്വകാര്യ അവകാശം എങ്ങനെ വിനിയോഗിക്കാനാകുമെന്നാണ് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞത്. കേസ് നാളെ ഉച്ചക്ക് രണ്ടിന് വീണ്ടും പരിഗണിക്കും. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ വിദ്യാര്‍ഥിനികള്‍ ഹരജികളില്‍ ചോദ്യം ചെയ്യുന്നു.
അനിവാര്യമാണെങ്കിലും അല്ലെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ മതപരമായ ആചാരം തുടരാനാകുമോ എന്നതാണ് ചോദ്യമെന്നും ഭരണഘടനയുടെ ആമുഖത്തില്‍ മതേതര രാജ്യമാണെന്ന് പറയുന്നുണ്ടെന്നും ജസ്റ്റിസ് ഗുപ്ത വാക്കാല്‍ നിരീക്ഷിച്ചു.