Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാര്‍ട്ടിയിലെ പുരുഷാധിപത്യത്തെ ആഞ്ഞെതിര്‍ത്ത് ബിജിമോള്‍, വിശദീകരണം തേടും

ഇടുക്കി- സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവനയില്‍ മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോളോട് വിശദീകരണം തേടും. സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏത് സാഹചര്യത്തില്‍ ആണ് പ്രസ്താവന എന്ന് ബിജിമോള്‍ വിശദീകരിക്കണം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു ബിജിമോളുടെ വിമര്‍ശം. പാര്‍ട്ടിയില്‍ പുരുഷാധിപത്യം ആണെന്നും ബിജിമോള്‍ വിമര്‍ശിച്ചിരുന്നു.

സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ.എസ് ബിജിമോള്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയില്‍ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശം. അതേസമയം, ബിജിമോള്‍ക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെക്കുറിച്ച് ഇത്തരത്തില്‍ വിമര്‍ശം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ പറഞ്ഞു.

ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ഏട്ടിലെ പശുക്കള്‍ പണ്ടു മുതലേ പുല്ലു തിന്നാറില്ല. പുല്ലു തിന്നണമെന്ന് നമ്മള്‍ ശഠിക്കാനും പാടില്ല.  രാഷ്ട്രീയ രംഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച്  വാതോരാതെ സംസാരിക്കും. സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കും. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണം നടപ്പാക്കുവാന്‍ വലിയ  ചര്‍ച്ചകളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷത്തിനും സംഘാടകരില്‍ ന്യൂനപക്ഷത്തിനും ഈ സമരത്തെക്കുറിച്ച് വലിയ ധാരണകള്‍ ഇല്ലെന്ന് എനിക്ക് പറയേണ്ടി വരുന്നത് രാഷ്ട്രീയ സംഘടനാ ബോധത്തിന്റെ കുറവ് കൊണ്ടല്ല മറിച്ച് വ്യക്തിഗതമായ രാഷ്ട്രീയഅനുഭവങ്ങളുടെ വിലയിരുത്തലില്‍ നിന്നു തന്നെയാണ്.  എന്നാല്‍  പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും  സ്ത്രീപക്ഷ നിലപാട് എന്നത്  തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂര്‍വം പറയേണ്ടി വരും.
പുരോഗമന രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷ പുരുഷന്മാരും രാഷ്ട്രീയ സംഘടനാബോധത്തില്‍നിന്നും പുസ്തക പാരായണത്തില്‍നിന്നും കിട്ടിയ അറിവുകള്‍ കൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ എന്നു തോന്നിപ്പിക്കുന്ന മിനുസമുള്ള പുറം കുപ്പായം അണിയും. പക്ഷേ അവര്‍ വ്യക്തിഗതമായി  യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരില്‍നിന്ന് വ്യത്യസ്തരല്ല എന്നു തന്നെയാണ് എന്റെ അനുഭവം.  

27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളില്‍  സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടര്‍ന്ന്  സജീവ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് എത്തിയ എന്നെപോലെയുള്ളവര്‍ക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങള്‍ ധാരാളമായി പറയാനുണ്ടാവും.   സ്ത്രീകള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും, ഇതൊക്കെ വന്‍ പരാജയങ്ങളായിരിക്കുമെന്ന യാഥാസ്ഥിതിക സങ്കല്പങ്ങളെ പൊളിച്ചെഴുതുവാന്‍ ഈ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്ക് സാധിച്ചുവെന്നത് അഭിമാനത്തോടെ തന്നെ പറയാം.  സാമൂഹിക-സാംസ്‌കാരിക ഇടങ്ങളില്‍ മാത്രമല്ല കുടുംബങ്ങളിലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടുന്നതിന്റെ തോത് വര്‍ധിപ്പിക്കുവാന്‍ സ്ത്രീ സംവരണത്തിനും ഒരു പങ്കുണ്ട്.

നിയമപരമായ സംവരണങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്ക്  ഭരണപങ്കാളിത്തം ഉറപ്പാക്കുവാന്‍ സാധിക്കുവെന്നത് വാസ്തവമാണ്. അത് മനസിലാക്കിയാണ് സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുവാന്‍ ഞാന്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷട്രീയ പാര്‍ട്ടി 15 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയ നേതൃത്വനിരയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയത്.  അതിന്റെ ഭാഗമായാണ് ഒരു വനിതയെയെങ്കിലും  ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് എന്‍എഫ്‌ഐഡബ്ലുവിന്റെ കേരള ഘടകം  ശക്തമായ നിലപാട് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി പദവിയിലേക്ക് എന്റെ പേരു നിര്‍ദേശിക്കുകയും ചെയ്തു. പുരുഷ കേന്ദ്രീകൃതമായ  ആ കൊക്കൂണില്‍  തൊട്ടതെ എനിക്ക് നേരെയുണ്ടായ ഡിഗ്രേഡിംഗും മോറല്‍ അറ്റാക്കിംഗും വിവരണാതീതമാണ്.  ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം സ്ത്രീവിരുദ്ധമായ ഡിഗ്രേഡിംഗിന്  മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ( മാധ്യമങ്ങളുടെ സറ്റൈയറില്‍ പൊതിഞ്ഞ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ) ഞാന്‍ ഇരയായിട്ടുണ്ട്. അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉള്‍ക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍  വനിത സെക്രട്ടറി പദവിയിലേയ്ക്ക് എന്നെ പരിഗണിച്ചപ്പോള്‍  ജെന്‍ഡര്‍ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും  എന്നാല്‍ എന്നെ അപമാനിക്കുവാന്‍ എന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി  എന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ  തളര്‍ന്നു പോകില്ല.  കൂടുതല്‍ കരുത്തോടെ മുന്നേറും.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ഏത് പൊന്നുതമ്പുരാന്‍ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍  ഇത്തിരി  ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്...

 

Latest News