ന്യൂദൽഹി- ഇന്ത്യയിലെ ഏറ്റവും വലിയ കാർ മോഷ്ടാവ് ദൽഹിയിൽ പിടിയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ച അനിൽ ചൗഹാനെ ദൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ദൽഹി, മുംബൈ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ സ്വത്തുക്കളുള്ള 52 കാരനായ അനിൽ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാർ മോഷ്ടാവാണ് ഇയാളെന്നും കഴിഞ്ഞ 27 വർഷത്തിനിടെ അയ്യായിരത്തിലധികം കാറുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് സെൻട്രൽ ദൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ ആയുധക്കടത്ത് നടത്തുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഉത്തർപ്രദേശിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് എത്തിച്ചുനൽകുകയായിരുന്നു. ദൽഹിയിലെ ഖാൻപൂർ പ്രദേശത്ത് താമസിക്കുമ്പോൾ ഓട്ടോറിക്ഷ ഓടിച്ചിരുന്ന അനിൽ 1995 ന് ശേഷമാണ് കാറുകൾ മോഷ്ടിക്കാൻ തുടങ്ങിയത്. ആ സമയത്ത് ഏറ്റവും കൂടുതൽ മോഷ്ടിച്ച കാറുകൾ മാരുതി 800 ആയിരുന്നു. മോഷ്ടിച്ച കാറുകൾ നേപ്പാൾ, ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് അയക്കലായിരുന്നു ഇയാളുടെ രീതി. മോഷണത്തിനിടെ ചില ടാക്‌സി ഡ്രൈവർമാരെയും ഇയാൾ കൊലപ്പെടുത്തി.
ഒടുവിൽ അസമിലേക്ക് താമസം മാറി. തന്റെ അനധികൃത സ്വത്ത് ഉപയോഗിച്ച് ദൽഹി, മുംബൈ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വത്തുക്കൾ സമ്പാദിച്ചു. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ പല തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 180 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മൂന്ന് ഭാര്യമാരും ഏഴ് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. അസമിൽ സർക്കാർ കരാറുകാരനായി മാറിയ ഇയാൾ അവിടത്തെ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.