കാത്തിരിപ്പിനറുതി, ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി, ഈ സ്ഥാനത്തെത്തിയ മൂന്നാമത്തെ വനിത

ലണ്ടന്‍- വിവാദങ്ങള്‍ക്കൊടുവില്‍ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ്.   ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാം വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജനും ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ അംഗവുമായിരുന്നു ഋഷി സുനാകിനെ 20,927 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്  ലിസിന്റെ വിജയം. ബ്രിട്ടന്റെ 56 ാം പ്രധാനമന്ത്രി കൂടിയാണ് ലിസ്. ആദ്യഘട്ടത്തില്‍ ഋഷി സുനാക് വിജയ സാധ്യതകള്‍ നിലനിറുത്തിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ ലിസ് ട്രസിന് കാര്യങ്ങള്‍ അനുകൂലമായിരുന്നു.

മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേയ് എന്നിവര്‍ക്ക് പിന്നാലെ ബ്രിട്ടീഷ് ചരിത്രത്തില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാം വനിത കൂടിയാണ് മേരി എലിസബത്ത് ട്രസ് അഥവാ ലിസ് ട്രസ്. 2001ല്‍ 25ാം വയസ്സിലാണ് ലിസിന്റെ രാഷ്ട്രീയ പ്രവേശം.

വടക്കന്‍ ഇംഗ്ലണ്ടായിരുന്നു 47കാരിയായ ലിസ് ട്രസിന്റെ രാഷ്ട്രീയ തട്ടകം. ഓക്‌സഫഡ് ബിരുദധാരിയായ ട്രസ് സോഷ്യല്‍ ഡെമോക്രാറ്റ് എന്നായിരുന്നു സ്വയം വിശേഷിപ്പിച്ചിരുന്നത്. 10 വര്‍ഷം എനര്‍ജി ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രിയില്‍ കൊമേഴ്‌സ്യല്‍ മാനേജരായി ജോലി ചെയ്തു. 2010ല്‍ കോമണ്‍ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ സ്റ്റേറ്റ് ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ചൈല്‍ഡ്‌കെയര്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറിയായി. ഡേവിഡ് കാമറൂണ്‍, തെരേസാ മേയ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവരുടെ കാലത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു ലിസ്.

 

Latest News