ഇന്ന് ദേശീയ അധ്യാപക ദിനം
നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അയക്കപ്പെടുന്ന ഒരുപറ്റം മനുഷ്യരുണ്ടാകും. അവനവൻ ആയി രൂപപ്പെടാൻ, കാലം കളിമണ്ണു കുഴിച്ചെടുക്കുന്ന ശിൽപ ബന്ധങ്ങൾ. എനിക്കുറപ്പാണ്. കുമരനെല്ലൂരിലെ ക്ലാസ് മുറിയിൽ അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നവരിൽ പലർക്കും പറയാനുണ്ടാകുന്ന കഥകളിൽ ഇസ്മയിൽ മാഷ് കാണും.
നിയതമായ പഠനക്രമം ശീലിപ്പിച്ചിരുന്ന സ്കൂൾ കാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകർ പലപ്പോഴും ഓർമയിലേക്ക് ഓടിയെത്തുമ്പോൾ തന്നെ ഇസ്മയിൽ മാഷിന്റെ (ഇസ്മായിൽ മരിതേരി) കണ്ണുകളിലെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും ചിലപ്പോഴുള്ള സ്മരണ മാത്രമല്ലാതെ ജീവിതത്തിൽ നിന്നു വേർപെടാതെ നിൽക്കുന്നത് എന്നിലെ അക്ഷര സ്ഫുരണങ്ങളെ എറ്റവും സ്നേഹത്തോടെ കണ്ടെടുത്തു തന്നതുകൊണ്ടു മാത്രമായിരിക്കുമോ?
അല്ലെന്നു തോന്നുന്നു.
അദ്ദേഹം ക്ലാസ് റൂമിലേക്കും ഞങ്ങളുടെയെല്ലാം ഹൃദയത്തിലേക്കും കടന്നു വന്ന ദിവസത്തെ, ഒരനുഗ്രഹമായല്ലാതെ ഓർക്കാൻ കഴിയാറില്ല. മുന്നിലിരുന്ന മുഴുവൻ കുട്ടികളും അന്നേ ദിവസം പാഠപുസ്തകങ്ങളുടെ ഗന്ധങ്ങളിൽ നിന്ന് മൂക്കടർത്തി, വിശാലമായ ലോകത്തിന്റെ മനോഹരവും പ്രതീക്ഷ നിർഭരവുമായ സാധ്യതകളിലേക്ക് ധൈര്യപ്പെട്ടു നോക്കിക്കാണണം.
ആംഗലേയ ഭാഷയുടെ വ്യാകരണ സങ്കീർണതകളെ പേടിച്ചിരുന്ന മലയാളം മീഡിയക്കാരെല്ലാം മസില് പിടിക്കാതെ തുറന്നു ചിരിക്കുന്ന, മണിക്കൂറുകളായി ഇസ്മയിൽ മാഷിന്റെ ക്ലാസുകൾ മാറി. അദ്ദേഹം ഞങ്ങൾക്ക് ഇറാനി ചലച്ചിത്രങ്ങളുടെ കരളലിയിപ്പിക്കുന്ന കഥാഖ്യാന രീതികൾ പരിചയപ്പെടുത്തിത്തന്നു.
കൈയിലുള്ള മൊബൈൽ ഫോണിൽ ലോകത്തിന്റെ പരിഛേദങ്ങൾ പരിചയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത ആ കാലത്തെ ഒരുപറ്റം കുട്ടികളെ ഭൂമിയുടെ വിവിധങ്ങളായ അറ്റങ്ങളിലേക്ക് കഥയിലൂടെ, കവിതകളിലൂടെ, കാര്യം പറച്ചിലിലൂടെ നടത്തിച്ചു.
'ഇതും കടന്നു പോകും' എന്ന് ഇംഗ്ലീഷിൽ
ഇസ്മയിൽ മാഷ് കറുത്ത ബോഡിൽ എഴുതി വെച്ച ദിവസം എനിക്കോർമയുണ്ട്.
ചെറുതും വലുതുമായ എല്ലാ ആധികളുടെയും നേർക്കു നോക്കി, ഇതും കടന്നു പോകുമെന്നു സമാധാനിക്കാൻ പിന്നീടെപ്പോഴും സാധിപ്പിച്ച വാചകൗഷധി!
എത്രയെത്ര തത്വജ്ഞാനങ്ങളെയും പുസ്തകത്തിന് പുറത്തുള്ള വിജ്ഞാന പ്രപഞ്ചങ്ങളെയുമാണ് ഒരധ്യാപകൻ നിസ്വാർത്ഥമായി ചൂണ്ടിക്കാണിച്ചു തന്നത്.
നോട്ടുപുസ്തക പിന്നാമ്പുറങ്ങളിലെ എന്റെ കവിത സാഹസങ്ങളെ വാത്സല്യത്തോടെ ക്ലാസ് മുറികളിൽ പരസ്യപ്പെടുത്തുന്നതിലൂടെ വിഷാദത്തിന്റെ ചിതറിയ ചിന്തകൾക്കു മേലെ ആത്മവിശ്വാസത്തിന്റെ ചിറകുകൾ തുന്നിപ്പിടിപ്പിക്കുകയായിരുന്നു മാഷ്.
പുസ്തകങ്ങൾക്കിടയിൽ ഞാൻ എപ്പോഴും ഒളിപ്പിച്ചിരുന്ന 'നന്ദിതയുടെ കവിതകൾ' വായിക്കാൻ വേണ്ടിയെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുപോയതിന് ശേഷം കുറെ നാൾ കഴിഞ്ഞിട്ടും മാഷ് തിരിച്ചു തന്നിരുന്നില്ല. നന്ദിതയുടെ വിഷാദങ്ങളോടുള്ള അഭിനിവേശവും മരണത്തോടുള്ള പ്രണയവും എന്റെ സിരകളിൽ അനാവശ്യമായി ചേക്കേറിയിട്ടുണ്ടോ എന്ന് വ്യാകുലപ്പെടുന്ന ഒരു മറുപടി ആണ് പുസ്തകത്തോടൊപ്പം പിന്നീട് എനിക്ക് തിരിച്ചുകിട്ടിയത്.
'നന്ദിതയുടെ കവിതയാവാം കുഞ്ഞേ.. മരണ കാമന അരുത്..'
ഒരൊറ്റ വർഷം മാത്രം ശിഷ്യപ്പെടാൻ കഴിഞ്ഞ ഗുരു സാന്നിധ്യം ഫോൺ കോളുകളിലൂടെ, നഷ്ടമാവാതെ നിലനിന്നത് അദ്ദേഹത്തിന്റെ മനസ്സിൽ ഇടം പിടിക്കാൻ സാധിച്ചതുകൊണ്ടാണെന്ന് അഭിമാനിച്ചിട്ടുണ്ട്.
മാഷ് എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. കോളേജ് കാലത്ത് ഹോസ്റ്റൽ വൈകുന്നേരങ്ങളിൽ ടെറസിൽ ഇരുന്ന്, എന്റെ കവിതകൾ ഫോണിലൂടെ കേൾപ്പിച്ചു കൊടുക്കുമ്പോഴൊക്കെ സുഹൃത്തുക്കൾ പറയും..'ഇങ്ങനൊരു മാഷെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോ.'
വിപ്ലവകരമായ പ്രണയ പ്രവേശത്തിന് ശേഷം പലരുമായും എന്ന പോലെ ഇസ്മയിൽ മാഷുമായും സംസാരങ്ങൾ കുറയ്ക്കാൻ ഞാൻ ശ്രമിച്ചു. സകലരും എതിർത്തേക്കാവുന്ന എന്റെ വിലപ്പെട്ട അനുരാഗ രഹസ്യം അധ്യാപകരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ രക്ഷിതാക്കൾക്ക് മുന്നിൽ വെളിപ്പെടുന്നതിനെ ഞാൻ ഭയന്നു.
ഒരിക്കൽ ആവേശത്തോടെ ഞാനും ദീപുവുമായി ഉള്ള ഇഷ്ടത്തെ കുറിച്ച് ഞാൻ ഇസ്മയിൽ മാഷോട് സൂചിപ്പിച്ചുപോയിരുന്നു. ഒരുമിച്ചു ജീവിക്കാനുള്ള അനുമതി വീട്ടിൽ നിന്നും ലഭിക്കാൻ ഒട്ടും സാധ്യതയില്ലാത്ത, ആധി നിറഞ്ഞൊരു അടുപ്പത്തെ കുറിച്ച് ആകുലപ്പെട്ടപ്പോൾ പ്രണയവും പ്രണയിച്ചു തീരുമ്പോഴത്തെ ജീവിതവും കുറെ കൂടി വ്യാപ്തിയോടെ അറിഞ്ഞ ഉദാഹരണങ്ങൾ ചൂണ്ടി സ്നേഹത്തോടെ മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്.. 'അനീഷയും ദീപക്കും പ്രണയിച്ച് പിരിയേണ്ടി വരുന്നതിനേക്കാൾ മനോഹരമായിരിക്കും സുഹൃത്തുക്കളായി ആജീവനാന്തം തുടരുന്നത്.. സൗഹൃദത്തിൽ വേദനകൾ കുറവല്ലേ കുട്ടീ..'
പ്രണയ പരവശതകൾക്ക് മുന്നിൽ, ഇത്തരം അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവർക്ക് ശത്രുക്കളുടെ മുഖഛായ കൈവരാറുണ്ടല്ലോ.
മാഷ് ഉദാഹരിച്ച കഥകളിലെ പ്രേമിച്ചു പരാജയപ്പെട്ട അനവധി മുഖങ്ങളോടൊപ്പം ഞാൻ മാഷിനെയും മറക്കാൻ ശ്രമിച്ചു.
എന്റെ ധാർഷ്ട്യം മാഷ് ക്ഷമിച്ചിരുന്നിരിക്കാം നിയോഗമെന്നോണം, വീണ്ടും വഴികളിൽ ഇസ്മയിൽ മാഷെത്തി. പൂർവ വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് മാഷ് തുടങ്ങിയ വാട്ട്സ്ആപ് കൂട്ടായ്മയിലൂടെ പരുവപ്പെടലിന്റെ കാലത്ത് എന്റെ കവിതകൾ പിന്നെയും തളിർത്തു.
നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അയക്കപ്പെടുന്ന ഒരുപറ്റം മനുഷ്യരുണ്ടാകും. അവനവൻ ആയി രൂപപ്പെടാൻ, കാലം കളിമണ്ണു കുഴിച്ചെടുക്കുന്ന ശിൽപ ബന്ധങ്ങൾ. എനിക്കുറപ്പാണ്. കുമരനെല്ലൂരിലെ ക്ലാസ്മുറിയിൽ അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നവരിൽ പലർക്കും പറയാനുണ്ടാകുന്ന കഥകളിൽ ഇസ്മയിൽ മാഷ് കാണും.






